India

മണിപ്പുരിൽ വീണ്ടും വ്യാപക പ്രക്ഷോഭം; അറസ്റ്റിലായ മെയ്തെയ് പ്രവർത്തകരെ മോചിപ്പിച്ചു

കൊൽക്കത്ത: മണിപ്പുർ കലാപത്തിൽ പങ്കാളികളായ സായുധ മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ 28 പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കാക്ചിങ്ങിലും ഇംഫാൽ താഴ്​വരയിലും വ്യാപക പ്രക്ഷോഭം. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കാളുകൾ ഗതാഗതം തടഞ്ഞ് സമരം ചെയ്തതോടെ അറസ്റ്റ് ചെയ്തവരെ മുഴുവൻ വിട്ടയച്ചു. റോഡിൽ ടയറിന് തീയിട്ടും ഗതാഗതം തടഞ്ഞും പ്രതിഷേധക്കാർ മണിക്കൂറുകളോളം സംഘർഷം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെയാണ് ആരംഭായ് തെംഗോലിന്റെ കാക്ചിങ്ങിലെ ക്യാംപിൽ അസം റൈഫിൾസ് റെയ്ഡ് നടത്തിയത്. ഇംഫാൽ താഴ്‍വരയിലെ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു കവർന്ന എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നു പിടിച്ചെടുത്തു.