Automobile

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍; 2.31 കോടി രൂപ | Toyota LandCruser 300

ജിആര്‍-എസ് വകഭേദത്തിനു പുറമേ ZX വകഭേദത്തിന്റെയും ബുക്കിങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്

2025 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി. 2.31 കോടി രൂപ മുതല്‍ 2.41 കോടി രൂപ വരെയാണ് എല്‍സി 300ന് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. ഓഫ് റോഡിങ് ഫീച്ചറുകളുള്ള ജിആര്‍-എസ് വകഭേദം ആദ്യമായി ഇന്ത്യയില്‍ ലഭ്യമാണെന്ന സവിശേഷതയുമുണ്ട്. ജിആര്‍-എസ് വകഭേദത്തിനു പുറമേ ZX വകഭേദത്തിന്റെയും ബുക്കിങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്.

ലാന്‍ഡ് ക്രൂസര്‍ 300ലുള്ള 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ വിത്ത് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, സണ്‍റൂഫ്, പിന്‍ സീറ്റ് വെന്റിലേഷന്‍, 8 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, മുന്‍ നിരയിലെ സെന്റര്‍ ആംറെസ്റ്റിലെ കൂള്‍ ബോക്‌സ്, 10 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ 2025 ലാന്‍ഡ് ക്രൂസര്‍ 300ലും തുടരുന്നുണ്ട്. ഇതിനൊപ്പം റിമോട്ട് എസി ജിയോ ലൊക്കേഷന്‍, ഫെന്‍സിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഗിയര്‍ നോബിലെ ലെതര്‍ ഫിനിഷ് എന്നിവ 2025 ലാന്‍ഡ് ക്രൂസര്‍ 300ല്‍ അധിക ഫീച്ചറുകളായെത്തുന്നു.

പവേഡ് ടെയില്‍ഗേറ്റ്, മുന്നിലും പിന്നിലും ലോക്കുകള്‍, പിന്നില്‍ ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യല്‍, ഓഫ് റോഡിങിനായി ക്രൗള്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് ആന്റ് ഡിസന്റ് അസിസ്റ്റ്, ടെറൈന്‍ മോഡുകള്‍, ഫോര്‍ ക്യാമറ ഓഫ് റോഡ് മോണിറ്ററിങ് സിസ്റ്റം ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ZX വകഭേദത്തിലും ലാന്‍ഡ് ക്രൂസര്‍ 300 ജിആര്‍-എസ് വകഭേദത്തിലുമുണ്ട്. ജിആര്‍ ബാഡ്ജിങ്, കറുപ്പ് അലോയ് വീലുകള്‍, കൂടുതല്‍ അഗ്രസീവ് മുന്‍ ബംപറുകള്‍ എന്നിവയും എല്‍സി 300 ജിആര്‍-എസിലുണ്ട്.

2025 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300ന്റെ രണ്ട് മോഡലുകളിലും ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുണ്ട്. അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകള്‍, ലൈന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയും അഡാസ് ഫീച്ചറുകളുടെ ഭാഗമായി എത്തുന്നുണ്ട്. പ്രീഷ്യസ് വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് എന്നിവാണ് കളര്‍ ഓപ്ഷനുകള്‍. കറുപ്പും കരിം ചുവപ്പും നിറങ്ങളിലുള്ള ഇന്റീരിയര്‍ ജിആര്‍-എസിലും ന്യൂട്രല്‍ ബെയ്ജ്, കറുപ്പ് നിറങ്ങളിലുള്ള ഇന്റീരിയര്‍ ZX ലും വരുന്നു.

3.3 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് പുതിയ എല്‍സി 300ലും ജിആര്‍-എസിലുമുള്ളത്. 309എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് പുത്തന്‍ ലാന്‍ഡ് ക്രൂസര്‍ 300ലും ഉള്ളത്. നിലവില്‍ വിപണിയിലുള്ള ലാന്‍ഡ് ക്രൂസര്‍ 300 മോഡലില്‍ നിന്നും എന്‍ജിനില്‍ മാറ്റങ്ങളില്ല.

നിലവിലെ ലാന്‍ഡ് ക്രൂസര്‍ 300നേക്കാള്‍ 21 ലക്ഷം രൂപ കൂടുതലാണ് 2025 ലാന്‍ഡ് ക്രൂസര്‍ 300ന്. ഫീച്ചറുകളിലും സുരക്ഷയിലും ഉണ്ടായ മാറ്റങ്ങള്‍ ഈ വില വര്‍ധനവിനെ ന്യായീകരിക്കുന്നുണ്ട്. വിലയും വലിപ്പവും പവര്‍ട്രെയിനും കണക്കിലെടുത്താല്‍ 2025 ലാന്‍ഡ് ക്രൂസര്‍ 300ന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും റേഞ്ച് റോവറിനേയും(2.4 കോടി-4.4 കോടി രൂപ), മെഴ്‌സിഡീസ്-എഎംജി ജി 63(3.6 കോടി രൂപ)നേയും എതിരാളികളായി കണക്കാക്കുകയും ചെയ്യാം.

content highlight: Toyota LandCruser 300