Kerala

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി

ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെയോടെയാണ് ചോദ്യം ചെയ്യലിനായി ഒന്നാംപ്രതിയും, എം എസ് സൊല്യൂഷൻസ് ഉടമയുമായ മുഹമ്മദ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

സംഭവത്തിൽ ഈ മാസം 25നകം റിപ്പോർട്ട് സമർപ്പിക്കുവാൻ അന്വേഷണസംഘത്തോടെ ഹൈക്കോടതി നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് ഷുഹൈബിൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഈ മാസം 25 വരെ, ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

അന്വേഷണ സംഘമായി പൂർണമായും സഹകരിക്കണമെന്ന കർശന നിർദ്ദേശപ്രകാരമാണ് അറസ്റ്റ് തടഞ്ഞത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി ഷുഹൈബ് ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഷുഹൈബ് പറഞ്ഞു.

ചോ​ദ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എവിടെ നിന്ന് ആരൊക്കെ ഇതിന് സഹായിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഒപ്പം അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരുടെ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. ഷുഹൈബിൻ്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കേസ് അന്വേഷണത്തിലെ ഭാഗമായി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Latest News