കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച നിലയിൽ കണ്ടെത്തി. പാളത്തിന് കുറുകെ വെച്ച പോസ്റ്റ് പുലർച്ചെ രണ്ടരയോടെ ഇതുവഴി പോയവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ഉടൻ എഴുകോൺ പൊലീസ് സ്ഥലത്ത് എത്തി പോസ്റ്റ് മാറ്റി. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം. ട്രെയിൻ അട്ടിമറി സാധ്യത അടക്കം അന്വേഷണ പരിധിയിലാണെന്ന് റെയിൽവേ അറിയിച്ചു. സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പൊലീസും റയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാളത്തിന് കുറുകെ വെച്ചത് ടെലിഫോൺ പോസ്റ്റ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ടെലിപോസ്റ്റ് എടുത്തു മാറ്റുകയായിരുന്നു.
ഒരാൾക്ക് തനിയെ വെക്കാൻ കഴിയാത്ത ഭാരമുള്ള പോസ്റ്റാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.