കേരളത്തിന്റെ തീരങ്ങളെ വിഴുങ്ങാന്‍ കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനന പദ്ധതി പൂര്‍ണ സജ്ജമായിട്ടും മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുന്നത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് വാങ്ങിയ കോടികളും ഇപ്പോഴും തുടരുന്ന മാസപ്പടിയുമാണോ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. 2023ലെ പുതിയ നിയമഭേദഗതി പ്രകാരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള തീരക്കടല്‍ വരെ ഖനനം നടത്താനുള്ള അധികാരം കേന്ദ്രം കയ്യടക്കി. സ്വകാര്യമേഖലയ്ക്കു ഖനനത്തില്‍ പങ്കെടുക്കുകയും കരിമണല്‍ ശേഖരിക്കുകയും ചെയ്യാം. കരിമണല്‍ ലോബി കാത്തിരുന്നതും ഇതിനാണ്. ടെണ്ടര്‍ നടപടികള്‍ ഈ മാസം 27ന് പൂര്‍ത്തിയാക്കി 28ന് കരാറുറപ്പിക്കും. മത്സ്യസമ്പത്ത് ഏറെയുള്ള കൊല്ലം ജില്ലയിലെ പരപ്പിലാണ് ആദ്യം ഖനനം നടത്താന്‍ പോകുന്നത്. തുടര്‍ന്ന് പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്തും. കേരളത്തിന്റെ മത്സ്യസമ്പത്തും തീരെദേശവും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സുമൊക്കെ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
മിനറല്‍ ബ്ലോക്കുകള്‍ ലേലം ചെയ്ത് വിജ്ഞാപനം വന്നിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. വ്യവസായ സെക്രട്ടറിയുടെ ഒരു കത്തുമാത്രം കേന്ദ്രത്തിന് അയച്ച് കൈയും കെട്ടിയിരിക്കുന്നു. കേരള നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി മുഖംതിരിച്ചു. തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് ടങ്സ്റ്റണില്‍ ഖനനത്തിനു നല്കിയ അനുമതി തമിഴ്നാട് സര്‍ക്കാര്‍ ശക്തമായി ഇടപെട്ട് റദ്ദാക്കി. ബിജെപി- സിപിഎം അവിശുദ്ധ ബന്ധം നിലനില്ക്കുന്നതിനാല്‍ പിണറായി സര്‍ക്കാരിന് ഇതിനൊന്നും കഴിയില്ല. സുനാമി തകര്‍ത്തെറിഞ്ഞ കൊല്ലം ആലപ്പുഴ ജില്ലകളിലൊക്കെയാണ് ആദ്യം ഖനനം നടക്കാന്‍ പോകുന്നത്. അന്നു സുനാമിക്ക് തുടക്കമിട്ടത് ഇന്തൊനേഷ്യയിലായിരുന്നു. അനിയന്ത്രിതമായ ഖനനമാണ് സുനാമിക്കു വഴിയൊരുക്കിയതെന്ന് ശാസ്ത്രലോകം കണ്ടെത്തി. തുടര്‍ന്ന് ഇന്തോനേഷ്യ കടല്‍ മണല്‍ ഖനനം നിരോധിച്ചു. കടല്‍ മണല്‍ ഖനനത്തിനെതിരേ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുമ്പോഴാണ് ഇന്ത്യ വിനാശകരമായ അതേ വഴിയില്‍ സഞ്ചരിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നതും.
കടല്‍ മണല്‍ ഖനനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു കഴിഞ്ഞു. കൊല്ലം ഡിസിസിയയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും രാപ്പകല്‍ സമരം നടത്തി. കേരളത്തില്‍ കടല്‍മണല്‍ ഖനനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സുധാകരന്‍ അറിയിച്ചു.