ഇന്ത്യൻ വാഹന വിപണിയിൽ നിന്നും 2021 ൽ പിൻവാങ്ങിയ ഫോഡ് തിരിച്ചെത്തുന്നു. യുഎസ് വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള മറൈമലൈ നഗറിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികൾ പൂർത്തിയാകുന്നതായി കമ്പനി അറിയിച്ചു കഴിഞ്ഞു. നികുതി നിരക്കുകൾ സംബന്ധിച്ചു സർക്കാരുമായുളള അവസാനഘട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കൂടി പൂർത്തിയായാൽ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
നിക്ഷേപ സമാഹരണത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യു എസ് സന്ദർശിച്ചപ്പോൾ ഫോഡിനെ വീണ്ടും സംസ്ഥാനത്തേക്കു ക്ഷണിച്ചിരുന്നു. ഇതിനെ തുടർന്ന് മറൈമലൈ നഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കുന്നതിനായി യു എസ് വാഹന നിർമാതാക്കൾ തമിഴ്നാട് സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറി വരുന്ന സാഹചര്യത്തിൽ ഫോഡും തിരിച്ചു വരവിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ഇ വി കൾ പുറത്തിറക്കാനായിരിക്കും. മാത്രമല്ല, കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധിക്കാനും കമ്പനി ശ്രമിക്കും. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഫോഡിനു പദ്ധതിയുണ്ട്.
ചെന്നൈയിലെ പ്ലാന്റ് 830 കോടി രൂപയ്ക്ക് വിൽക്കാനായി നേരത്തെ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ റദ്ദാക്കി. ഫിഗോ അടക്കമുള്ള വാഹനങ്ങൾ നിർമിച്ചിരുന്ന ഗുജറാത്ത്, സാനന്ദിലെ ഫാക്ടറി നേരത്തെ ടാറ്റ മോട്ടോഴ്സിനു വിറ്റിരുന്നു. 2021 ൽ ഇന്ത്യയിൽ നിന്നും ഫോഡ് പിൻവാങ്ങിയെങ്കിലും രാജ്യത്തെ വാഹന വിപണിയിൽ നിന്നും പൂർണമായും വിട്ടുനിന്നിരുന്നില്ല.
content highlight: Ford India