മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി; മണമ്പൂര്‍ പഞ്ചായത്തിലെ അഗതി രഹിത കേരളം പദ്ധതി മുടങ്ങില്ല, 96 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി ലഭിക്കുന്ന പദ്ധതി തുടരും

തിരുവനന്തപുരം വര്‍ക്കല മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും സഹായം ലഭിച്ചു വരുന്ന 96 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി ലഭിക്കുന്ന പദ്ധതി ഫണ്ടില്ലാത്തതിന്റെ പേരില്‍ മുടങ്ങിയെന്ന പരാതിക്ക് പരിഹാരമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കമ്മീഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹരിക്കാന്‍ വഴിയൊരുങ്ങിയത്.

അഗതിരഹിത കേരളം പദ്ധതിയില്‍ രണ്ടു ഗഡു തുക മണമ്പൂര്‍ ഗ്രാപഞ്ചായത്തിന് നല്‍കിയെങ്കിലും ഒന്നാം ഗഡുവിന്റെ ഉപയോഗ സര്‍ട്ടിഫിക്കറ്റ് (യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്) മാത്രമാണ് കുടുംബശ്രീക്ക് നല്‍കിയിട്ടുള്ളതെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു. രണ്ടാം ഗഡുവിന്റെ ഉപയോഗ സര്‍ട്ടിഫിക്കറ്റും മൂന്നാം ഗഡുവിനുള്ള അപേക്ഷയും ലഭിച്ചാല്‍ ഉടനെ മൂന്നാം ഗഡു അനുവദിക്കാമെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു. ഇവ രണ്ടും അടിയന്തരമായി കുടുംബശ്രീക്ക് കൈമാറാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റും അപേക്ഷയും ലഭിച്ചാലുടന്‍ കുടുംബശ്രീ തുക അനുവദിക്കണമെന്നും തുക ലഭിച്ചാലുടന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കുടുംബശ്രീ ഡയറക്ടറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ വാങ്ങിയ ശേഷമാണ് ഇരുവര്‍ക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കുടുംബശ്രീ മിഷന്റെ ചലഞ്ച് ഫണ്ട് പ്രകാരം അഗതിരഹിത കേരളം പദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് 36 മാസത്തേക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നതിന് ഫണ്ട് നകിയിട്ടുള്ളതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 60 വയസിന് മുകളിലുള്ള , ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത വയോജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പാകം ചെയ്തു നല്‍കുന്ന പാഥേയം പദ്ധതിയില്‍ 37 ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു. അപേക്ഷ നല്‍കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയാല്‍ ഫണ്ട് അനുവദിക്കാമെന്ന് കുടുംബശ്രീയും കമ്മീഷനെ അറിയിച്ചു.

വളരെയധികം അവശത അനുഭവിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്ക് അഗതിരഹിതകേരളം പദ്ധതിയില്‍ നിന്നും അടിയന്തര സഹായം നല്‍കണമെന്ന് പരാതിക്കാരായ മണമ്പൂര്‍ നിര്‍മ്മല്‍ നിവാസില്‍ മാവിള വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഉത്തരവ് നടപ്പാക്കിയ ശേഷം കുടുംബശ്രീ മിഷന്‍ ഡയറക്ടറും മണമ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയും നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Latest News