ചെറുപ്പക്കാരിൽ ഇന്ന് ഹൃദ്രോഗം കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിലെ മാറ്റങ്ങളും ആഹാരത്തിലെ മാറ്റങ്ങളും വ്യായാമക്കുറവും ചെറുപ്പക്കാരിൽ ചെറുപ്പക്കാരിൽ രോഗങ്ങൾക്ക് വഴിവയ്ക്കുന്നു. ഉറക്കമില്ലായ്മ മദ്യപാനം പുകവലി ഇവയൊക്കെ ഹൃദയത്തിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എപ്പോഴും മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. അതിനായി ചെയ്യാൻ കഴിയുന്നത് എന്തൊക്കെയാണെന്ന് നോക്കാം
ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതും അവശ്യം ചെയ്യേണ്ടുന്ന കാര്യമാണ്. പാക്കറ്റുകളിലെത്തുന്ന ലഘുഭക്ഷണങ്ങള്‍, അച്ചാറുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധ പാലിക്കണം. ഭക്ഷണത്തിലടങ്ങിയ അമിതമായ ഉപ്പ് രക്തസമ്മര്‍ദം ഉയരുന്നതിനും സോഫ്റ്റ് ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന മധുരം, പ്രമേഹത്തിനും അമിതവണ്ണത്തിനും വഴിവെക്കും
ദിവസവും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പഠനം, ജോലി അങ്ങനെ ദീര്‍ഘനേരം ഇരുന്നു ജോലിചെയ്യുന്നവരാണ് യുവാക്കളില്‍ ഭൂരിഭാഗം പേരും. പ്രഭാതനടത്തം, യോഗ തുടങ്ങി ഏതെങ്കിലും വ്യായാമക്രമം ദിവസവും ചുരുങ്ങിയത് 30-45 മിനിറ്റ് ചെയ്യുന്നത് ഹൃദയത്തിന് മാത്രമല്ല, മനസ്സിനും നല്ലതാണ്. പഠനം, ജോലി, കുടുംബം തുടങ്ങി വിവിധവഴികളില്‍നിന്നെത്തുന്ന സമ്മര്‍ദവും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ സമ്മര്‍ദത്തെ ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. താത്പര്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും വ്യായാമം ചെയ്യുന്നതും മറ്റും ഉത്കണ്ഠയെയും സമ്മര്‍ദത്തെയും കൈകാര്യം ചെയ്യാന്‍ സഹായിക്കും.
അമിതവണ്ണം, പ്രത്യേകിച്ച് ബെല്ലി ഫാറ്റ് ഹൃദ്രോഗസാധ്യത കൂട്ടും. ഒരു രസത്തിന് ഫാസ്റ്റ്ഫുഡ് കഴിച്ചുതുടങ്ങുകയും പിന്നീട് അതിന് അടിമപ്പെടുകയും ചെയ്യുന്ന നിരവധി യുവാക്കളെ നമ്മുടെ ചുറ്റുവട്ടത്ത് കാണാം. ഇത്തരക്കാരില്‍ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലായിരിക്കും. ശരീരവണ്ണം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി ഭക്ഷണം കഴിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലും പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.
പുകവലിയും മദ്യപാനവും ഒഴിവാക്കുക. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുമ്പോള്‍ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കരള്‍രോഗങ്ങള്‍ക്കുമുള്ള സാധ്യത കൂട്ടും. ഇവ രണ്ടും ഹൃദയത്തിന്റെ ആരോഗ്യത്തിനും ദോഷകരമാണ്. അതിനാല്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. നന്നായി ഉറങ്ങുക എന്നതും ഹൃദയാരോഗ്യത്തിന് അത്യന്താപേഷിതമാണ്. ഉറക്കം കുറയുന്നത് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകും. ഉറങ്ങാന്‍ കൃത്യമായ സമയം പാലിക്കുക. 7-9 മണിക്കൂര്‍ ഉറങ്ങാൻ ശ്രദ്ധിക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത ഒരുപരിധിവരെ കുറയ്ക്കും. പ്രൊസസ്ഡ് ഭക്ഷ്യവസ്തുക്കൾ, മധുരം, അനാരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം അമിതവണ്ണത്തിനും കൊളസ്‌ട്രോള്‍ നില ഉയരാനും കാരണമാകും. ഇതിനുപകരം ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണവും പച്ചക്കറികളും പഴങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഫാറ്റും കലോറിയും കുറഞ്ഞതും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ആഹാരം ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
കൃത്യമായ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. ഷുഗറും പ്രഷറും കൊളസ്‌ട്രോളുമൊക്കെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. അസാധാരണമായി എന്തെങ്കിലും കാണുന്നപക്ഷം വൈദ്യസഹായം തേടുക.
content highlight : higher-risk-of-heart-diseases-what-to-do-and-what-not