ചെന്നൈ: കേന്ദ്ര സർക്കാർ 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാടിനെ 2,000 വർഷം പിന്നോട്ടടിക്കാൻ കാരണമാകുന്ന തെറ്റ് ചെയ്യില്ല. ഹിന്ദി അടിച്ചേൽപിക്കുന്നതു കൊണ്ടു മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയെയും സാമൂഹിക നീതിയെയും ബാധിക്കുന്ന പലതുമുള്ളതുകൊണ്ടാണ് എതിർക്കുന്നത്.
ഹിന്ദി ഭാഷയ്ക്ക് എതിരല്ല. താൽപര്യമുള്ളവർക്ക് കേന്ദ്രീയ വിദ്യാലയം, ഹിന്ദി പ്രചാര സഭ എന്നിവിടങ്ങളിൽ നിന്നു പഠിക്കാമെന്നും വ്യക്തമാക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക രക്ഷാകർതൃ സമിതിയുമായി ബന്ധപ്പെട്ട് ‘അപ്പ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പുറത്തിറക്കി. എംജിആർ സിനിമയിലെ ‘നല്ല നല്ല പുള്ളൈകളെ നമ്പി ഇന്ത നാട് ഇരിക്കത് തമ്പി’ എന്ന ഗാനവും ആലപിച്ചു. രാജ്യത്തിന്റെ ഭാവി കുട്ടികളെ ആശ്രയിച്ചാണിരിക്കുന്നത് എന്നർഥമുള്ള വരികളാണിത്.