World

ഗസ്സയിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; 620 ഫലസ്തീനികളെ വിട്ടയക്കുന്നത്​ വൈകുന്നു

തെൽ അവീവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ അനിശ്ചിതത്വത്തിൽ. ശനിയാഴ്ച ആറ്​ ബന്ദികളെ കൂടി ഇസ്രായേലിന് ഹമാസ് കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നത്​ വൈകുകയാണ്. രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം, തടവുകാരെ വിട്ടയക്കുന്നത്​ വൈകിക്കാനാണ്​ തീരുമാനിച്ചതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഇസ്രായേൽ നടപടി വെടിനിർത്തൽ കരാറിന്‍റെ നഗ്​നമായ ലംഘനമാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ഉറ്റവരെ സ്വീകരിക്കാൻ ഗസ്സയിലും മറ്റും കാത്തിരുന്ന ആയിരങ്ങളാണ്​ നിരാശയോടെ മടങ്ങിയത്​. 620 ഫലസ്​തീൻ തടവുകാരെയാണ്​ കരാർ പ്രകാരം ഇസ്രായേൽ ഇന്നലെ മോചിപ്പിക്കേണ്ടത്​.

കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹം ഇസ്രായേൽ ബന്ദി ഷീറീ ബിബാസിന്‍റേതല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ​ നെതന്യാഹു ആരോപിച്ചിരുന്നു. എന്നാൽ, ഹമാസ്​ ആരോപണം തള്ളി. ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റു ചിലരുടെ മൃതദേഹ ഭാഗങ്ങൾ കൂടി ഇതിൽ കലർന്നിരിക്കാമെന്നും ഹമാസ്​ വ്യക്​തമാക്കി. ഷീറീ ബിബാസിന്‍റെയും കൊല്ലപ്പെട്ട മറ്റു ബന്ദികളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ചക്കു മുമ്പ്​ ലഭിക്കണമെന്നാണ്​ ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതെന്ന്​ റിപ്പോർട്ടുണ്ട്​. 73 ബന്ദികൾ കൂടി ഇനി ഹമാസ്​ പിടിയിലുണ്ടെന്ന്​ നെതന്യാഹു പറഞ്ഞു. ഇവരെ തിരിച്ചെത്തിക്കാൻ എല്ലാ നീക്കവും തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച വഴിമുട്ടിയത്​ മധ്യസ്ഥ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും ഉറപ്പാക്കിയാൽ ബന്ദികളെ ഒരുമിച്ച്​ കൈമാറാമെന്ന്​ ഹമാസ്​ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ ഇത്​ അംഗീകരിച്ചിട്ടില്ല. അതിനിടെ, വെസ്റ്റ്​ ബാങ്കിലേക്ക്​ സൈനിക ടാങ്കുകൾ എത്തിച്ച്​ വ്യാപക ആക്രമണത്തിനുള്ള ഒരുക്കത്തിലാണ്​ ഇസ്രാ​യേൽ.