റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷയെങ്കിലും യുദ്ധം അനന്തമായി നീണ്ടു. വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായി. യുക്രൈനേയും യൂറോപ്യൻ രാജ്യങ്ങളേയും ഒഴിവാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയുമായി നടത്തിയ കൂടിക്കാഴ്ച പുതിയ ആശങ്കകൾക്ക് ഇടയാക്കി.
2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുക്രെയ്‌നെ അതിവേഗം കീഴപ്പെടുത്താനാകുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതീക്ഷിച്ചത്. പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘർഷമായി ഈ അധിനിവേശം മാറി. യുക്രെയ്‌നിൽ 57,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. വ്യാപക അഭയാർഥി പ്രവാഹമുണ്ടായി.
ആദ്യം റഷ്യ നേട്ടങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് യുക്രൈൻ പ്രതിരോധിച്ചു നിന്നു. പ്രത്യാക്രമണങ്ങളിലൂടെ ചില പ്രദേശങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ചു. റഷ്യൻ പ്രദേശത്തേക്ക് കടന്നുകയറ്റങ്ങളും നടത്തി. അതിനിടെ, യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയംമാറ്റം യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി.
യുക്രെയ്‌നേയും യൂറോപ്യൻ രാജ്യങ്ങളേയും ഒഴിവാക്കി, യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് ഭരണകൂടം റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് സൗദിയിൽ തുടക്കമിട്ടു. പ്രധാന പങ്കാളികളെ അവഗണിക്കുന്നത് സമാധാന പ്രക്രിയയുടെ നിയമസാധുതയെ ദുർബലപ്പെടുത്തുമെന്ന് വിമർശകർ വാദിക്കുന്നു. യുക്രെയൻ യുദ്ധവിരാമചർച്ചകളെപ്പറ്റി അഭിപ്രായഭിന്നതകൾ നിലനിൽക്കവേ, ലോകത്തെ ആശങ്കപ്പെടുത്തിക്കൊണ്ട് യുദ്ധം മൂന്നാം വർഷത്തിലേക്ക് നീങ്ങുകയാണ്.