കൊച്ചി: ആഗോള നിക്ഷേപക ഉച്ചകോടിയിൽ മുന്നോട്ടുവെച്ച പദ്ധതികളിൽ വേഗത്തിൽ നടപടി ആരംഭിയ്ക്കാൻ സർക്കാർ. ഓരോ പദ്ധതികളും പട്ടിക തിരിയ്ക്കും. കാലതാമസം ഒഴിവാക്കാനുള്ള കാര്യങ്ങളും സ്വീകരിയ്ക്കും. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപക വാഗ്ദാനമാണ് ലഭിച്ചിട്ടുള്ളത്. ആഗോള നിക്ഷേപക ഉച്ചകോടി വൻ വിജയമായെന്ന വിലയിരുത്തലിലാണ് സർക്കാർ. നിക്ഷേപകരെ ഒപ്പം നിർത്തി പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് അതിവേഗ നടപടികമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഓരോ പദ്ധതിയെക്കുറിച്ചും പഠിച്ച് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ വേഗത്തിലാക്കും. ഒരു പദ്ധതിയും ചുവപ്പുനാടയിൽ കുടുങ്ങില്ലെന്ന് ഉറപ്പുവരുത്തും.
ആഗോള നിക്ഷേപക ഉച്ചകോടിയിൽ രാഷ്ട്രീയ ഭേദമന്യേ പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാറിനായി. ഇത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കൂട്ടായ പ്രവർത്തനം പദ്ധതികളുടെ നടത്തിപ്പിനും സഹായകരമാകും എന്നാണ് കണക്കുകൂട്ടൽ. ‘വികസനത്തിനായി യുണൈറ്റഡ് കേരള എന്ന സന്ദേശം നൽകാൻ നമ്മുടെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് സാധിച്ചു. കേരളം ലോകത്തിന് മുന്നിൽ വിസിബിളായി. ഇനി നമ്മളെ ആർക്കും അവഗണിക്കാൻ സാധിക്കില്ല. ഒപ്പം കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം രാജ്യവും ലോകവും ശ്രദ്ധിക്കാൻ തുടങ്ങി. ഈ വികസനത്തിനൊപ്പം നിൽക്കുക എന്നതാണ് കേരളത്തിനായും ഈ നാട്ടിലെ ചെറുപ്പക്കാർക്കായും ചെയ്യേണ്ടത്. നാട് മുന്നേറുക തന്നെ ചെയ്യും’ -മന്ത്രി പി. രാജീവ് പറഞ്ഞു.