Kerala

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറം സ്വദേശിയുമായ വി.എൽ. വാലന്റയിൻ (22) ആണ് മരിച്ചത്.

സംഭവത്തിൽ ഇതേ കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്. നാട്ടുകാരാണ് വിദ്യാർഥിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.

കോളജിനു സമീപത്തുള്ള നെടുംപറമ്പ് ജംക്‌ഷനിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. വിദ്യാർഥികൾ സംഘംചേർന്നു മദ്യപിക്കുകയും തുടർന്നു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെയാണ് വാലന്റയിന് കുത്തേറ്റത്.

നാട്ടുകാരാണ് കുത്തേറ്റ വാലന്റയിനെ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.