നിലവിൽ കേരള ക്രിക്കറ്റിന്റെ ഐക്കണാണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാസൺ. ടി20 യിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന ഓപ്പണറായ സഞ്ജു, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ്. ഇക്കഴിഞ്ഞയിടക്ക് ഇംഗ്ലണ്ടിന് എതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു.
കൈവിരലിനേറ്റ പരിക്കിൽ ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജു നിലവിൽ വിശ്രമത്തിലാണ്. ഈ പരിക്ക് മൂലം കേരളത്തിന്റെ രഞ്ജി ട്രോഫി സെമിഫൈനൽ മത്സരം സഞ്ജുവിന് നഷ്ടമായിരുന്നു. ചരിത്ര കുതിപ്പ് നടത്തി കേരളം ഫൈനലിൽ എത്തിയെങ്കിലും സഞ്ജുവിന് ഈ കളിയും നഷ്ടമാകും. പരിക്കിനെത്തുടർന്ന്, ചരിത്രം കുറിച്ച കേരള ടീമിന്റെ ഭാഗമാകാനുള്ള അസുലഭ ഭാഗ്യം കൂടിയാണ് സഞ്ജുവിന് നഷ്ടമായത്. ഇപ്പോളിതാ രഞ്ജി ട്രോഫിയിൽ ഫൈനലിൽ എത്തിയ കേരള ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തതിലുള്ള നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു.
രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ കേരള ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തതിലുള്ള നിരാശ വെളിപ്പെടുത്തിയ സഞ്ജു, കേരളം രഞ്ജി ട്രോഫിയിൽ കിരീടം ചൂടണമെന്ന് താൻ ശരിക്കും ആഗ്രഹിക്കുന്നതായും ചൂണ്ടിക്കാട്ടി. താൻ എപ്പോളും കേരളത്തെ പിന്തുണക്കുമെന്നും, വിദർഭക്ക് എതിരായ ടീമിന്റെ ഫൈനൽ മത്സരം കാണാൻ പോകുമെന്നും സഞ്ജു ഇതിനൊപ്പം വ്യക്തമാക്കി.
അതേ സമയം ദേശീയ ടീമിനൊപ്പം തിരക്കിലായതിനാൽ കേരളം, ഫൈനലിൽ എത്തിയ 2024-25 സീസൺ രഞ്ജി ട്രോഫിയിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാനായത്. ഒക്ടോബറിൽ കർണാടകക്ക് എതിരെ ആളൂരിൽ നടന്ന മത്സരമായിരുന്നു ഇത്. മഴ വില്ലനായതിനാൽ ആകെ 50 ഓവറുകൾ മാത്രമേ ഈ മത്സരത്തിൽ കളി നടന്നിരുന്നുള്ളൂ. ഈ പോരാട്ടം സമനിലയിൽ അവസാനിക്കുകയുമായിരുന്നു. അതേ സമയം കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളും സഞ്ജു തള്ളി. കേരള ക്രിക്കറ്റ് അസോസിയേഷനുമായും അതിലെ അംഗങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് സഞ്ജു പറയുന്നു.
അതേ സമയം രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഫൈനൽ പ്രവേശനമാണ് ഇത്തവണത്തേത്. ആവേശകരമായ സെമിയിൽ ഗുജറാത്തിന് എതിരെ നേടിയ രണ്ട് റൺസ് ലീഡോടുകൂടിയുള്ള സമനിലയാണ് കേരളത്തെ ഫൈനലിൽ എത്തിച്ചത്. നേരത്തെ ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റൺസ് ലീഡിന്റെ മികവിലായിരുന്നു കേരളം സെമിയിൽ കടന്നത്. കരുത്തരായ മുംബൈയെ സെമിഫൈനലിൽ വീഴ്ത്തിയ വിദർഭയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിൽ ഈ മാസം 26 മുതലാണ് രഞ്ജി ട്രോഫി ഫൈനൽ ആരംഭിക്കുന്നത്.
content highlight: Sanju Samson