മുന്‍പൊക്കെ വല്ലപ്പോഴും മഴ പെയ്താല്‍ മാത്രം പറമ്പില്‍ പൊട്ടി മുളയ്ക്കുന്ന ഒന്നായിരുന്നു കൂണ്‍. എന്നാല്‍ ഇന്നാകട്ടെ, വര്‍ഷം മുഴുവനും യഥേഷ്ടം ലഭ്യമാണ്. കൂണ്‍ കൃഷി വളരെയധികം പ്രചാരത്തിലായിക്കഴിഞ്ഞു. ഉരുണ്ടതും പരന്നതുമായി പലവിധ രൂപങ്ങളില്‍ കടകളില്‍ കൂണ്‍ ലഭിക്കുന്നു. ഇവ ഉപയോഗിച്ച് രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ തയാറാക്കാം എന്ന് മാത്രമല്ല, വളരെയധികം പോഷകഗുണങ്ങളും ഇവയ്ക്കുണ്ട്.
കടയില്‍ നിന്നും വാങ്ങിച്ച കൂണ്‍ അധിക സമയം പുറത്തിരിക്കുന്നത് അത് പെട്ടെന്ന് കേടാകാന്‍ കാരണമാകും. ജലാംശം കൂടുതല്‍ ഉള്ളതിനാല്‍, ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുമ്പോഴാകട്ടെ, ശരിയായി സൂക്ഷിച്ചില്ല എങ്കില്‍ ചീഞ്ഞുപോകും. വലിയ വില കൊടുത്ത് വാങ്ങിക്കുന്ന കൂണ്‍ പോലെയുള്ള ഒരു പച്ചക്കറി ചുമ്മാ എറിഞ്ഞു കളയുന്നത് ആര്‍ക്കായാലും വിഷമമുള്ള കാര്യമാണ്. ഇങ്ങനെ മോശമായിപ്പോകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കൂണ്‍ കടയില്‍ നിന്നും വാങ്ങി കൊണ്ടുവന്ന ശേഷം, നേരിട്ട് ഫ്രിഡ്ജിനുള്ളില്‍ കയറ്റി വയ്ക്കുന്നത് അത്ര നല്ലതല്ല. കൂണുകളിൽ 92% ത്തോളം വെള്ളമാണ്. ഫ്രിഡ്ജിലോ ഫ്രീസറിലോ നേരിട്ട് കയറ്റി വയ്ക്കുമ്പോള്‍ അവയ്ക്കുള്ളിൽ രൂപം കൊള്ളുന്ന ഐസ് പരലുകൾ അവയുടെ കോശഭിത്തികളെ പൊട്ടിക്കുകയും, ഡീഫ്രോസ്റ്റ് ചെയ്തുകഴിഞ്ഞാൽ ചീഞ്ഞു കാണുകയും ചെയ്യുന്നു.
ഇങ്ങനെ സൂക്ഷിക്കുന്ന സമയത്ത് രുചിയിലും വ്യത്യാസം വരും. കൂടാതെ, അവ ചിലപ്പോൾ നിറം മാറുകയും അല്പം ഇരുണ്ടതായി മാറുകയും ചെയ്യും. എന്നിരുന്നാലും, സ്റ്റിർ-ഫ്രൈകളിലോ സൂപ്പുകളിലോ പിസ്സ ടോപ്പിംഗുകളിലോ ഈ ഫ്രോസൺ കൂൺ ഉപയോഗിക്കാം. ശീതീകരിച്ച കൂണുകളിൽ സംഭവിക്കുന്ന മറ്റൊരു മാറ്റം അവയുടെ ചില പോഷകങ്ങളുടെ നഷ്ടമാണ്. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ബി, സി പോലുള്ളവയുടെ അളവ് കുറയുന്നു.
അതിനാല്‍, ഇവ കടയില്‍ നിന്നും കൊണ്ടുവന്ന ശേഷം, നേരിട്ട് ഫ്രിഡ്ജില്‍ വയ്ക്കാതെ, പാകം ചെയ്ത ശേഷം മാത്രം വയ്ക്കുക എന്നതാണ് ശരിയായ വഴി. കൂണുകള്‍ വൃത്തിയാക്കിയ ശേഷം, പേപ്പര്‍ ടവ്വല്‍ കൊണ്ട് തുടയ്ക്കുക. കുറച്ച് ഒലിവ് ഓയില്‍, അല്ലെങ്കില്‍ ബട്ടര്‍ ഉപയോഗിച്ച് ഇത് വഴറ്റി എടുക്കുക. വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഇത് ഫ്രീസറില്‍ സൂക്ഷിക്കാം.
അതല്ലെങ്കില്‍ ബ്ലാഞ്ചിങ് ഫലപ്രദമായ ഒരു ഓപ്ഷനാണ്, കാരണം ഇത് കൂണുകളുടെ യഥാർത്ഥ രുചി നിലനിർത്താൻ സഹായിക്കുകയും അവയുടെ പോഷകമൂല്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനായി, കൂണുകള്‍ തിളച്ച വെള്ളത്തില്‍ ഏതാനും മിനിട്ടുകള്‍ സൂക്ഷിച്ച ശേഷം, കൂടുതൽ വേവുന്നത് തടയാൻ ഐസ് വെള്ളത്തിൽ മുക്കിവയ്ക്കുക. അവയെ ഒരു ബേക്കിംഗ് പേപ്പറിൽ വയ്ക്കുകയും ഫ്രീസ് ചെയ്യുകയും ചെയ്യുക. ഫ്ലാഷ് ഫ്രീസിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
content highlight: Mushroom