സാമൂഹ്യ സേവനത്തിനും കൂട്ടായ്മകള്‍ക്കും പ്രോത്സാഹനമേകിയുള്ള യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്ണിന് ആതിഥ്യമരുളി കണ്ണൂര്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി കണ്ണൂര്‍ പയ്യാമ്പലം ബീച്ച്. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി, മുന്‍നിര അത്‌ലറ്റുകള്‍ക്കും ഫിറ്റ്‌നസ് പ്രേമികള്‍ക്കുമൊപ്പം കമ്മ്യൂണിറ്റി റണ്ണില്‍ തകര്‍ത്തോടി കണ്ണൂരിന്റെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ ഫിറ്റ്‌നസ്, ക്ഷേമം, ആഗോള കൂട്ടായ്മ എന്നിവയുടെ ആഘോഷ വേദികൂടിയായി കണ്ണൂര്‍ ബീച്ച് റണ്ണിന്റെ എട്ടാം എഡിഷന്‍.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലെത്തിയ മന്ത്രി ആഗോള ആരോഗ്യ സംരഭകനും ബീച്ച് റണ്ണിന്റെ മെന്ററുമായ ഡോ.ഷംഷീര്‍ വയലിലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കണ്ണൂരിലെത്തിയത്. കമ്മ്യൂണിറ്റി സേവനം, സന്നദ്ധപ്രവര്‍ത്തനം, ഫലപ്രദമായ സംരംഭങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് യു.എ.ഇ.യു 2025 ഇയര്‍ ഓഫ് കമ്മ്യൂണിറ്റി വര്‍ഷമായി ആചരിക്കുന്നത്. മലയാളികള്‍ക്ക് രണ്ടാം വീടായ യുഎഇയിലെ വര്‍ഷാചരണത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് അഞ്ചു കിലോമീറ്റര്‍ കമ്മ്യൂണിറ്റി റണ്‍ പ്രത്യേകമായി കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഉള്‍പ്പെടുത്തിയത്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും സന്നിഹിതയായിരുന്നു. മന്ത്രിക്കൊപ്പം യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അടക്കം 100ലധികം പേര്‍ ഈ വിഭാഗത്തില്‍ ഓടി. ഫിറ്റ്‌നസ് പ്രേമികൂടിയായ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി അതിവേഗം അഞ്ചു കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി കയ്യടി നേടി.
യു.എ.ഇ.യില്‍, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപന പ്രകാരം 2025 കമ്മ്യൂണിറ്റി വര്‍ഷമായി ആചരിക്കുകയാണ്. ഡോ. ഷംഷീറുമായി ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുക്കാന്‍ ആയതില്‍ ഏറെ സന്തോഷമുണ്ട്. അടുത്ത വര്‍ഷം ഹാഫ് മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഈ വര്‍ഷം വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പേര്‍ പങ്കെടുത്തു. ഹാഫ് മാരത്തണിനുള്ള കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയും എത്യോപ്യയില്‍ നിന്നുള്ള ആറ് അന്താരാഷ്ട്ര റണ്ണര്‍മാരുടെ പങ്കാളിത്തവും മത്സരത്തിന്റെ വീര്യം കൂട്ടി. പുരുഷന്മാരുടെ 21 കിലോമീറ്റര്‍ ഓട്ടത്തില്‍ എത്യോപ്യന്‍ റണ്ണറായ കെബെഡെ ബെര്‍ഹാനു നെഗാഷ് ഒന്നാം സ്ഥാനവും ലോകേഷ് ചൗധരി രണ്ടാം സ്ഥാനവും ആകാശ് എം എന്‍ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ ഹാഫ് മാരത്തണില്‍ അബെതു മില്‍കിതു മുലെറ്റ ഒന്നാം സമ്മാനം കരസ്ഥമാക്കി, ഹോര്‍ഡോഫ മെസെറെറ്റ് ദിരിബയും ടെക്കൂ ബെകെലു അബെബെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഓപ്പണ്‍ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ മടിവളപ്പ എസ് ഹംബിയും പുരുഷ വിഭാഗത്തില്‍ നിതു കുമാരിയും യഥാക്രമം വിജയിച്ചു. മെമ്പേഴ്‌സ് ആന്‍ഡ് ഫാമിലി 10കി.മി വിഭാഗത്തില്‍ ഡോ. ബിനു നമ്പ്യാര്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായി, വെറ്ററന്‍സ് 10കി.മി വിഭാഗത്തില്‍ നവീന്‍ കുമാര്‍ പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ജയ്‌മോള്‍ കെ.ജോസഫ് വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
3 കി.മീ ഹെല്‍ത്ത് അവയര്‍നസ് റണ്ണില്‍ പുരുഷ വിഭാഗത്തില്‍ ആദര്‍ശ് ഗോപി ഒന്നാം സ്ഥാനം നേടി. മെമ്പേഴ്‌സ് ആന്‍ഡ് ഫാമിലി 3കീ.മി വിഭാഗത്തില്‍ പുരുഷ വിഭാഗത്തില്‍ ശ്യാമളന്‍ സിപിയും വനിതാ വിഭാഗത്തില്‍ നിഷ വിനോദും വിജയിച്ചു.