Kerala

ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയില്‍

ആലപ്പുഴയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് സുധീഷ് എന്നയാള്‍ പൊലീസിന്‍റെ പിടിയിലായത്. 7.7 ഗ്രാം എംഡിഎംഎ യാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, ഉദയൻ, എഎസ്ഐ രാജേഷ് ചന്ദ്രൻ, സിപിഎം സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പല പ്രാവശ്യം കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.