ആറളം കാട്ടാന ആക്രമണത്തില്‍ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ആറളം ഫാമിന്റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13-ാം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്.
ആറളം ഫാമില്‍ അടിക്കാട് വെട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മതില്‍ നിര്‍മാണം നീണ്ടുപോയത് അടക്കമുള്ള കാര്യങ്ങള്‍ വന്യമൃഗ ശല്യത്തിന് കാരണമായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി ടി ഡി ആര്‍ എം അധികാരികൾക്ക് നിർദേശം നൽകി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും.
STORY HIGHLIGHT: minister a k saseendran