പാൽച്ചുരം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. പനമരം ചെറുകാട്ടൂർ സ്വദേശി ആടിയാനാൽ അജോയും ഭാര്യയും 2 മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പേരാവൂരിൽനിന്നു അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായി കത്തി നശിച്ചു.
പേരാവൂരിൽ കുടുംബവീട്ടിൽ പോയ ശേഷം നാട്ടിലേക്കു മടങ്ങുമ്പോൾ കയറ്റത്തിൽവച്ച് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുകയും ചെയ്തു. വാഹനം പിന്നോട്ട് നിരങ്ങിനീങ്ങി നിന്നയുടനെ എല്ലാവരും പുറത്തിറങ്ങി. വാഹനത്തിൽ അജോയും ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയും മൂന്നു മാസമായ കുട്ടിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
STORY HIGHLIGHT: kozhikode car fire family escape