Kerala

ആശാ വർക്കർമാർ ആവശ്യപ്പെടുന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണ്; മൗനം മാറ്റി മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്ന് കെ സി വേണുഗോപാല്‍ – kc venugopal

ആരോഗ്യമേഖലയെക്കുറിച്ച് വീമ്പ് പറയുന്ന മന്ത്രിമാര്‍ക്ക് അതു പറയാന്‍ അവസരമുണ്ടാക്കി കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ചവരാണ് ആശ വര്‍ക്കര്‍മാര്‍

ജീവിക്കാനായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അവരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ വര്‍ക്കര്‍മാരുടെ അവസ്ഥ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും പരാക്രമം സ്ത്രീകളോടല്ല. സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. അവര്‍ ആവശ്യപ്പെടുന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് വീമ്പ് പറയുന്ന മന്ത്രിമാര്‍ക്ക് അതു പറയാന്‍ അവസരമുണ്ടാക്കി കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ചവരാണ് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഉന്നത വേതനം വാങ്ങുന്നവരോടാണ്. ആസാമിലും സിക്കിമിലും ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് ആരോഗ്യമേഖലയില്‍ മികച്ചതെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്തിലെ ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്തത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം മാറ്റിവച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്നും സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച ആശ വര്‍ക്കര്‍മാരുടെ സമരം വിജയിക്കണമെന്ന് രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്നുവെന്നും അതിനായി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

STORY HIGHLIGHT: kc venugopal