കാസർകോട്: കാസർകോട് ബേഡകം കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി. ഇന്നലെ രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. ഇടുക്കി വള്ളക്കടവിൽ ജനവാസ മേഖലയിൽ കടുവയെത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വനാതിർത്തി മേഖലയായ പൊൻനഗറിൽ കടുവയെത്തിയത്.
കാസർകോട് ബേഡകം, കൊളത്തൂരിൽ രണ്ടാഴ്ച മുൻപ് പുലി ഗുഹയിൽ കുടുങ്ങിയിരുന്നു. പുലർച്ചെ വനം വകുപ്പ് അധികൃതർ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെട്ടു. പിന്നീട് ഈ പ്രദേശം പുലി ഭീതിയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പുലി കൂട്ടിൽ കുടുങ്ങിയത്. പുലി കൂട്ടിൽ കുടുങ്ങിയതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടി. ഇതോടെ കൂട്ടിനകത്ത് പുലി അക്രമസ്വഭാവം കാട്ടി.
അതേസമയം, ഇടുക്കി വള്ളക്കടവ് വനാതിർത്തി മേഖലയായ പൊൻനഗറിലാണ് കടുവയെത്തിയത്. നാട്ടുകാർ ശബ്ദമുണ്ടാക്കി തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകർ വെടിയൊച്ച കേൾപ്പിച്ചു കടുവയെ കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവയെത്തിയിരുന്നു. പെരിയാർ വന്യജീവി സങ്കേത പരിധിയോട് ചേർന്ന പ്രദേശമാണ് ഇത്. തുടർച്ചയായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തുന്നതിൻ്റെ ഭീതിയിലാണ് നാട്ടുകാർ.