തിരുവനന്തപുരം: 3 വർഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഓരോ ഫയലും ഓരോ ജീവിതമാണെങ്കിൽ തന്റെ ഫയൽ ജീവനില്ലാതെ വർഷങ്ങളായി അനക്കമറ്റു കിടക്കുകയാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അയച്ച കത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് ചൂണ്ടിക്കാട്ടി. തനിക്കു ശേഷമുള്ള 3 ബാച്ചുകളിലെ ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തന്റെ ഫയൽ അനിശ്ചിതമായി തടഞ്ഞിട്ടു. സെക്രട്ടറി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം അംഗീകരിച്ചതിനു പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്ഥാനക്കയറ്റം സംബന്ധിച്ച ഫയലിന്റെ പകർപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ല.
ചട്ടങ്ങൾ പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കണം. പക്ഷേ, 2022 നവംബറിൽ ആരംഭിച്ച അച്ചടക്കനടപടികൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനുമെതിരെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടി. – കത്തിൽ പ്രശാന്ത് ആരോപിച്ചു.