Kerala

സിനിമാ മേഖലയിലെ പ്രതിസന്ധി; ചർച്ചകൾ ആരംഭിച്ച് നിർമാതാക്കളുടെ സംഘടന

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ ചർച്ചകൾ ആരംഭിച്ച് നിർമാതാക്കളുടെ സംഘടന. സിനിമാ സമരം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരും. ഫിലിം ചേമ്പറുമായുള്ള യോഗത്തിലും പ്രശ്നങ്ങൾ ഉന്നയിക്കും. സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രതിസന്ധികളിൽ ചർച്ചകൾ സജീവമാക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന. സിനിമാ സമരത്തെക്കുറിച്ചും വിനോദനികുതിയിൽ സർക്കാരുമായുള്ള ചർച്ചകളെക്കുറിച്ചും തീരുമാനിക്കാനാണ് പ്രൊഡ്യൂസർ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. സൂചനാ സമരത്തിന്റെ തീയതി തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളാകും പ്രധാന അജണ്ട.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മറ്റ് സിനിമാ സംഘടനകളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അനൗദ്യോഗിക ചർച്ചകളും നടത്തുന്നുണ്ട്. ഇന്ന് നടക്കുന്ന ഫിലിം ചേംബറുമായുള്ള യോഗത്തിലും നിലവിലെ പ്രതിസന്ധികൾ ഉന്നയിക്കും. സമരത്തിലേക്ക് പോകാതെ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണമെന്ന നിലപാടിലാണ് ഫെഫ്കയടക്കമുള്ള മറ്റ് സംഘടനകൾ. അതിനിടെ അമ്മ മുൻ വൈസ് പ്രസിഡണ്ട് ജയൻ ചേർത്തലയ്ക്കെതിരായ വക്കീൽ നോട്ടീസിൽ അമ്മ മറുപടി നൽകാനും ഒരുങ്ങുകയാണ്. ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.