ഹൃദയം എന്ന ചിത്രം കണ്ടവരാരും ആന്റണി താടിക്കാരനെ മറക്കാനിടയില്ല. അശ്വതായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രണവിനൊപ്പം തന്നെ അശ്വതും കൈയ്യടി നേടിയിരുന്നു. ഓഡീഷനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് അശ്വത് അവതരിപ്പിക്കുന്നത്.
കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. പുതിയ പോസ്റ്റാണ് ഇപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹൃദയത്തിലെ പോലെ തന്നെ സൌഹൃദത്തിന് അങ്ങേയറ്റം പ്രാധാന്യമാണ് അശ്വതും കൊടുക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ആള് മികച്ച നാടക നടനുള്ള പുരസ്കാരം സ്വന്തമാക്കിയ സന്തോഷമാണ് അശ്വത് പങ്കുവെച്ചത്.
ജീവിതത്തിൽ ആദ്യമായി ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയ ദിവസം ,ഒരിക്കലും മറക്കാനാവാത്ത ആ രാത്രി (മാനസികാവസ്ഥ നിങ്ങൾക്ക് മനസിലാകുമെന്ന് കരുതുന്നു സ്വപ്നത്തിലേക്കുള്ള ആ യാത്ര) അന്നുരാത്രി വെഞ്ഞാറമൂട് ഒരു നാടകം നടക്കുന്നൊണ്ടാരുന്നു. നാടകത്തിന്റെ പേര് “നളിനാക്ഷന്റേ വിശേഷം “നായകൻ പ്രമോദ് വെളിയനാട്. കുറച്ച് നേരം കണ്ടിരുന്നിട്ട് പോകാം എന്ന് കരുതിയിരുന്ന ഞാൻ പെർഫോമൻസ് കണ്ട് ഞെട്ടിപ്പോയി മുഴുവനും ഇരുന്നു കണ്ടു.
ആദ്യമായി ചേട്ടനെകണ്ടപ്പോ ഞാൻ പറഞ്ഞതും ഇതുതന്നെയായിരുന്നു. കേട്ടപ്പോ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു ,ചിരിച്ചു. ഏകദേശം 6 ഓളം സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ആശാനെ എന്നു ഞാൻ വിളിക്കുന്ന ഞങ്ങടെ പ്രമോദേട്ടൻ ഇന്ന് കൂടുതൽ സന്തോഷവാനാണ്.സംസ്ഥാന നാടക അക്കാദമിയുടെ മികച്ച നടനുള്ള അവാർഡ് “മാടൻ മോക്ഷം”എന്ന നാടകത്തിലൂടെ വർഷങ്ങൾക്കശേഷം അദ്ദേഹത്തിന്റെ കൈകളിൽ എത്തിച്ചേർന്നു.
കൂടുതൽ സന്തോഷമെന്തെന്നുവെച്ച അന്നു ഞാൻ അത്ഭുതത്തോടെ നോക്കി നിന്ന ആ മനുഷ്യൻ ഇന്ന് എന്നോടൊപ്പമുണ്ട് ഈ സന്തോഷ വാർത്ത ഞങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന നിധിയും ഭൂതവും എന്ന സിനിമാസെറ്റിൽ എന്നുമായിരുന്നു അശ്വത് കുറിച്ചത്.