കൊട്ടിഘോഷിച്ചെത്തുന്ന അവതരണങ്ങൾക്കും, ആരാധകരുടെ പ്രതീക്ഷകൾക്കും അനുസരിച്ച് ഡിസൈനുകളിൽ വലിയ മാറ്റങ്ങളൊന്നും കുറേക്കാലമായി കാണുന്നില്ലെന്ന എതിരാളികളുടെ പരാതി ഇത്തവണ ആപ്പിൾ തീർക്കുമെന്ന് റിപ്പോർട്ടുകൾ. സാംസങും ഒപ്പോയും വാവേയുമൊക്കെ വിജയിച്ച മികച്ച ചില ഡിസൈൻ പരീക്ഷണങ്ങൾ ഇത്തവണ ആപ്പിളിലും കാണാമത്രെ. ഫോൾഡബ്ൾ ഡിസ്പ്ലേയും എക്സ്റ്റേണസൽ ഡിസ്പ്ലേയുമൊക്കെയുള്ള ഒരു ഐഫോണ്‍ എത്തിയേക്കാമെന്നാണ് കിംവദന്തികൾ.
പക്ഷേ മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയ്ക്കുള്ള പേറ്റന്റുകൾ ആപ്പിളിന് ലഭിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഫോൾഡബ്ൾ ഐഫോണിൽ 5.49 ഇഞ്ച് എക്സ്റ്റേണൽ ഡിസ്‌പ്ലേയും 7.74 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും ഉണ്ടാകുമെന്ന് റിപ്പോർട്ട്
ഈ ലോഞ്ച് വിവരങ്ങൾ, ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ, ദ് ഇൻഫർമേഷൻ, ദ് വാൾ സ്ട്രീറ്റ് ജേണൽ എന്നിവർ മുന്‍പ് പങ്കിട്ടതിന് സമാനമാണ്. ഈ ചോർച്ചകളെല്ലാം 2026 അവസാനമോ 2027 ന്റെ തുടക്കത്തിലോ ഇത്തരത്തിലുള്ള സ്മാർട്ഫോണുകള്‍ ലോഞ്ച് ചെയ്യുമെന്ന് പ്രവചിച്ചിരുന്നു.
ഐഡിവൈസ്‌ഹെല്‍പ് യൂട്യൂബ് ചാനല്‍ പുറത്തിറക്കിയ വിഡിയോയെ അടിസ്ഥാനമാക്കി, ഗീക്കി-ഗ്യാജറ്റ്‌സ് പുറത്തുവിട്ട ഇത്തരം ഒരു അഭ്യൂഹമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് കേവലം അടിസ്ഥാനരഹിതമാണോ എന്നറിയാന്‍ പുതിയ മോഡല്‍ ആപ്പിള്‍ അവതരിപ്പിക്കുന്നതു വരെയോ ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മനെയോ, മിങ്-ചി കുവോയോയോ പോലെയുള്ളവര്‍ ഇതിന് പിന്തുണയുമായി എത്തുന്നതു വരെയോ കാത്തിരിക്കേണ്ടി വരും. എന്തായാലും, പുതിയ സങ്കല്‍പ്പം ടെക്‌നോളജി പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
നിലവിലെ ഐഫോണ്‍ പ്രോ മോഡലുകളുടെ പിന്‍ ക്യാമറാ സിസ്റ്റം കഴിഞ്ഞ് വലത് ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് രണ്ടാമത് ഒരു സ്‌ക്രീനുമായി ആയിരിക്കാം ഐഫോണ്‍ 17 പ്രോ വരിക എന്നാണ് ഈ അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇതിന് അര്‍ത്ഥവത്തായ പല മാറ്റങ്ങളും കൊണ്ടുവരികയും ചെയ്യാനാകും.
ഉദാഹരണത്തിന് ക്യാമറകളുടെ കാര്യമെടുക്കാം. എല്ലാ ഫോണുകളുടെയും പിന്‍ക്യാമറകളാണ് മികവേറിയത്. എന്നാല്‍, ഫ്രെയിം ശരിയാകണമെങ്കില്‍ മുന്‍ക്യാമറകള്‍ തന്നെ ഉപയോഗിക്കണം. ഡൈനാമിക് ഡിസ്‌പ്ലേ വരികയാണെങ്കില്‍ സ്വയം കണ്ട് ഫോട്ടോ എടുക്കാം.
ഓള്‍വെയ്‌സ്-ഓണ്‍ ഡിസ്‌പ്ലേ: കാര്യമായി ബാറ്ററി ഉപയഗിക്കാതെ ക്ലോക്കായി പ്രവര്‍ത്തിപ്പിക്കാനും, വെതര്‍ അപ്‌ഡേറ്റ് പ്രദര്‍ശിപ്പിക്കാനും, നോട്ടിഫിക്കേഷനു വേണ്ടിയും ഒക്കെ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യാനായാല്‍ എല്ലാക്കാര്യത്തിനും പ്രധാനസ്‌ക്രീനിനെ ഉണര്‍ത്താതെ കഴിക്കാം.
ഫോണ്‍ കമഴ്ത്തി വച്ചാലും ആരാണ് വിളിക്കുന്നത് തുടങ്ങിയ അലേര്‍ട്ടുകള്‍ കാണാനാകും. ദൈനംദിന ഉപയോഗത്തില്‍ ഇത് ഗുണം ചെയ്‌തേക്കാമത്രെ. ഇത്തരത്തില്‍ ഫോണിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെയായിരിക്കും ഡൈനാമിക് ഡിസ്‌പ്ലേ എന്നാണ് അതു വരട്ടെ എന്നു വാദിക്കുന്നവര്‍ പറയുന്നത്.
ഇതുവരെയുള്ള ഐഫോണുകളുടെ ഡിസൈന്‍ ഭാഷ കാര്യമായി മാറ്റുക തന്നെ ചെയ്താലാണ് പുതിയ ഡിസ്‌പ്ലേ ഉള്‍പ്പെടുത്താന്‍ കഴിയുക. എന്നാല്‍, ഡൈനാമിക് ഡിസ്‌പ്ലേ വേണ്ടെന്നു പറയുന്നവര്‍ പറയുന്നതിലും കാര്യമുണ്ട്. ഈ ഡിസ്പ്ലേ വന്നാല്‍ ഫോണ്‍ ഈടുനല്‍ക്കുമോ എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.
ഇത്തരം ഒരു സ്‌ക്രീനും മറ്റും കൊണ്ടുവന്നാല്‍ സ്വാഭാവികമായും ഫോണിന്റെ വിലയും കമ്പനി വര്‍ദ്ധിപ്പിക്കും. അതോടെ, ഇപ്പോള്‍ പ്രോ മോഡലുകള്‍ വാങ്ങിക്കുന്നവര്‍ക്കു പോലും താങ്ങാനാകാത്ത രീതിയിലേക്ക് വില എത്തിയേക്കും. പുതിയ ഡിസ്‌പ്ലേ സങ്കല്‍പ്പം കൊള്ളാമെന്നാണ് ആദ്യ കാഴ്ചയില്‍ തോന്നുന്നതെങ്കിലും, അത് പ്രായോഗികമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയല്‍ നല്ലൊരു നീക്കമായിരിക്കില്ലെന്നാണ് എതിര്‍വാദക്കാര്‍ പറയുന്നത്.
എന്നാല്‍, ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഐഫോണ്‍ സ്വാഭാവികമായും കാലികമായും ഇത്തരത്തില്‍ ഉരുത്തിരിഞ്ഞു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നാണ്. ഐഫോണ്‍ 17 സീരിസില്‍ പിന്‍ക്യാമറാ സിസ്റ്റം ഫോണിന്റെ മുകള്‍ഭാഗത്ത് കുറുകെ പിടിപ്പിക്കാനുള്ള സാധ്യതയും അടുത്തിടെ ചിലര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം എന്തായാലും പ്രതീക്ഷിക്കേണ്ടന്ന് പറയുന്നവരും ഉണ്ട്. എന്തായാലും, ഇക്കാര്യത്തില്‍ ഒരു തീര്‍ച്ചയുണ്ടാകണമെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും.
content highlight: Apple gadgets