Kerala

തരൂർ വിവാദം; വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല: കെ സി വേണുഗോപാൽ

ശശി തരൂർ വിവാദത്തിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. വിമർശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈൻ ചെയ്യില്ല. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്‌. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നും തന്റെ പരാമർശം ശശി തരൂരിന് എതിരല്ലെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു.

ഇടത് പക്ഷം പോലും പിണറായി മൂന്നാമത് വരണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു പക്ഷത്തിന്റെയും ഭാഗമല്ല. പിണറായിയുടെ രാജാഭക്തന്മാർ എന്നാണ് പത്തനംതിട്ടയിലെ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നും കെ സി വിശദീകരിച്ചു.

വയനാട് ധനസഹായം കേന്ദ്രസഹായം ലഭിക്കാൻ ഒരുമിച്ചു പോകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഒരുമിച്ച് പോകാൻ ഇതുവരെ സർക്കാർ ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും രാഷ്ട്രീയം കളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.