Kerala

വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ ഡോ. എൻജിപി ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്ത് അമൃത വിശ്വവിദ്യാപീഠം.

കൊച്ചി: ഹെൽത്ത് സയൻസ് ക്യാമ്പസിൽ വെച്ച് നടന്ന മാനേജ്മെൻ്റ് വിദ്യാഭ്യാസ ശിൽപശാലയിൽ വെച്ച് അമൃത സ്കൂൾ ഓഫ് ബിസിനസും ഡോ. എൻജിപി ഇൻസ്റ്റിറ്റ്യൂട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാർഥികൾക്കിടയിൽ വിജ്ഞാന കൈമാറ്റം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്.

ഇരു സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാല മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ്, നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റും എച്ച്.ആർ. തലവനുമായ ദിലീപ് ചോയ്യപ്പള്ളി, വൈലോഗ്സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും സി.ഇ.ഒ.യുമായ വിവേക് സുരേഷ് എന്നിവരുൾപ്പെടെ വ്യവസായ, അക്കാദമിക് രംഗങ്ങളിൽ നിന്നുള്ള വിദഗ്ധർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

അമൃത സ്കൂൾ ഓഫ് ബിസിനസ് ഫാക്കൽറ്റി അംഗങ്ങളായ ഡോ. രാജീവ് പ്രസാദ്, ഡോ. റെജികുമാർ ജി എന്നിവർ ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി. സമ്പന്നമായ ഒരു അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ധാരണാപത്രമെന്ന് അമൃത സ്കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ ഡോ. രാജീവ് പ്രസാദ് പറഞ്ഞു.

ഇരു സ്ഥാപനങ്ങൾക്കുമിടയിലെ സഹകരണം വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് ആശയങ്ങളും അറിവുകളും പങ്കിടാൻ ഒരു വേദി നൽകുമെന്നും ഡോ. എൻ.ജി.പി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസറും തലവനുമായ ഡോ. എസ്. ഫ്രാങ്ക്ലിൻ ജോൺ പറഞ്ഞു.

സഹകരണ ഗവേഷണ പദ്ധതികൾ ഉൾപ്പെടെയുള്ള സംയുക്ത സംരംഭങ്ങൾ ശക്തിപ്പെടുത്താൻ ധാരണാപത്രത്തിലൂടെ അമൃത വിശ്വവിദ്യാപീഠവും ഡോ. എൻ.ജി.പി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ലക്ഷ്യമിടുന്നുണ്ട്. ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.