India

തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടം; ഇന്നും തിരച്ചിൽ, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ

തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടത്തിൽപ്പെട്ട തൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ തുടരും. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചു. ദൗത്യ സംഘത്തിന് പ്രവേശിക്കാൻ കഴിയാത്ത ഭാഗം ട്രാക്ക് ചെയ്യാൻ എൻഡോസ്കോപിക് & റോബോടിക് ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാണ് ശ്രമിക്കുന്നത്.

NDRF ന്റെ ഡോഗ് സ്ക്വാർഡും ദൗത്യ മേഖലയിൽ ഉണ്ട്. രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയായ തുരങ്കത്തിലെ ചെളിയും, ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമവും തുടരുകയാണ്.

തെഴിലാളികളെ ഉടൻ കണ്ടെത്തി രക്ഷപ്പെടുത്താനാകും എന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.

നാ​ഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാ​ഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാ​ഗത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാ​ഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്.