Thiruvananthapuram

ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ സ്വാമി മഹിതന്‍ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു: സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 6 മണിക്ക്

ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധര്‍മ്മപ്രകാശസഭയിലെ മുതിര്‍ന്ന അംഗവുമായ സ്വാമി മഹിതന്‍ ജ്ഞാന തപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു. 72 വയസ്സായിരുന്നു. (പൂര്‍വ്വാശ്രമത്തില്‍ എന്‍. രവീന്ദ്രന്‍ നായര്‍). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഞായറാഴ്ച മുതല്‍ നില അതീവഗുരുതരമായിരുന്നു. ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് ദേഹവിയോഗം സംഭവിച്ചത്. 2021ല്‍ കോവിഡിനെ തുടര്‍ന്നാണ് സ്വാമിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്.

അന്നു മുതല്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് അര്‍ബുദം പിടിപെട്ടത്. സ്വാമിയുടെ വിയോഗത്തെ തുടര്‍ന്ന് ആശ്രമത്തില്‍ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് അനുശോചനം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ആശ്രമം സ്പിരിച്വല്‍ സോണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 6 മണിക്ക് നടക്കും. ഇടുക്കി കല്ലാര്‍ പട്ടം കോളനി ചോറ്റുപാറ ചരുവിള വീട്ടില്‍ ആര്‍.നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953 നവംബര്‍ 30ന് ജനനം. എന്‍. രവീന്ദ്രന്‍ നായര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. 1972ല്‍ കല്ലാറില്‍ വച്ച് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടുമുട്ടിയത് ജിവിതത്തില്‍ വഴിത്തിരിവായി.

1974ല്‍ സ്വാമിയുടെ കുടുംബം പോത്തന്‍കോട് ആശ്രമത്തില്‍ എത്തി. സ്വാമിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത് എണ്‍പതുകളിലാണ്. പോത്തന്‍കോട് ജംഗ്ഷനിലുളള ശാന്തിഗിരിയുടെ അങ്ങാടിക്കടയില്‍ നിന്നും സേവനം ആരംഭിച്ചു. പിന്നീട് ബ്രഹ്മചാരിയായി. ഗുരുനിര്‍ദ്ദേശപ്രകാരം ഫിനാന്‍സിന്റെ ചുമതല വഹിച്ചു. കല്ലാര്‍ ബ്രാഞ്ചിന്റെ കാര്യദര്‍ശിയായി. ആശ്രമത്തിലെ പൂജാദികാര്യങ്ങളില്‍ സജീവമായതോടെ ഗുരുദീക്ഷ നല്‍കുകയും 2002 ജനുവരി 30ന് സന്ന്യാസം സ്വീകരിച്ച് ഗുരുധര്‍മ്മ പ്രകാശസഭ അംഗമാവുകയും ചെയ്തു. 2010 മാര്‍ച്ച് 14ന് ആശ്രമം ഡയറക്ടര്‍ ബോര്‍ഡംഗമായി ചുമതലയേറ്റു.
ആശ്രമത്തില്‍ എത്തുന്ന ഭക്തജനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് അവര്‍ക്ക് പ്രസാദം നല്‍കിയേ സ്വാമി മടക്കി വിടാറുള്ളൂ.

ഏവരുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കും. വിഷമങ്ങളുമായി വരുന്നവരെ ആശ്വസിപ്പിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പറയും. 2010ല്‍ താമര പര്‍ണശാലയുടെ സമര്‍പ്പണത്തിനു ശേഷം പര്‍ണ്ണശാലയിലെ പൂജാദികാര്യങ്ങളുടെ മേല്‍നോട്ടം സ്വാമിയ്ക്കായിരുന്നു. കോവിഡ് കാലത്തിനിടെ അര്‍ബുദം പിടി മുറുക്കിയെങ്കിലും സ്വാമിയുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. എന്‍.രാധമ്മ, എന്‍.ശശീന്ദ്രന്‍ നായര്‍, സി.എന്‍.രാജന്‍, എന്‍.രാധാകൃഷ്ണന്‍, ദിവംഗതയായ സരസമ്മ എന്നിവര്‍ സ്വാമിയുടെ സഹോദരങ്ങളാണ്.

CONTENT HIGH LIGHTS; Shantigiri Ashram Director Swami Mahitan Gnanathapasvi merges with Gurujyoti: Funeral rites at 6 p.m.

Latest News