Kerala

ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ല, എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് കെ മുരളീധരൻ

ശശി തരൂർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. കോൺഗ്രസിൽ നിന്നും ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കിംഗ് കമ്മിറ്റി അംഗവും എംപിയും ആണ് തരൂർ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ല. തരൂരിന് നൽകേണ്ട പ്രാധാന്യം പാർട്ടി അഖിലേന്ത്യ തലത്തിലും സംസ്ഥാനതലത്തിലും നൽകും. ഉന്നയിച്ച മറ്റു കാര്യങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

മൂന്നാം പിണറായി സർക്കാർ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. ഒരു കാരണവശാലും കേരളത്തിൽ മൂന്നാമത് ഇടത് സർക്കാർ ഉണ്ടാകില്ല. പതിവിലും വിപരീതമായി കരിങ്കൊടി കാണിച്ചപ്പോൾ ആരോഗ്യമന്ത്രി ഇന്നലെ കാറിൽ നിന്ന് പുറത്തിറങ്ങിയത് ദുഷ്ട്ടലാക്കോടെയായിരുന്നു. സമരം പൊളിക്കാൻ എല്ലാ മാർഗങ്ങളും നോക്കി. എന്നും എല്ലാകാലത്തും സർക്കാരിന് അധികാരം ഉണ്ടാകില്ല. വാചക കസ്രത്ത് നടത്താതെ ആരോഗ്യമന്ത്രി സെക്രെട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമ്മാരുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. ആരോഗ്യമന്ത്രിക്ക് ഈ പണി പറ്റിയതല്ലെന്നും വാർത്ത വായിക്കൽ തന്നെയായിരുന്നു ഏറ്റവും നല്ലതെന്നും കെ മുരളീധരൻ വിമർശിച്ചു.