Kerala

ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് പറഞ്ഞിട്ടേയില്ല, ശശി തരൂർ വിഷയം മൂടി വെക്കാനാണ് ഇത് വിവാദമാക്കിയതെന്ന് എ കെ ബാലൻ

ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ഫാസിസം വന്നു എന്ന് ഞങ്ങൾ പറഞ്ഞിട്ടേയില്ല. അത് കരട് രാഷ്ട്രീയ പ്രമേയമാണ്. പാർട്ടിക്ക് ഉള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ്. അത് ചർച്ച നടക്കാൻ വേണ്ടിയാണ്. ശശി തരൂർ വിഷയം മൂടി വെക്കാനാണ് ഇത് വിവാദമാക്കിയതെന്ന് എ കെ ബാലൻ പറഞ്ഞു. അടവ് നയത്തിന് രൂപം നൽകുന്നതാണ് രാഷ്ട്രീയപ്രമേയമെന്നും പാർട്ടി കോൺഗ്രസിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ രാഷ്ട്രീയപ്രമേയം പാസ് ആകുവെന്ന് എ കെ ബാലൻ പറഞ്ഞു.

വളർന്ന് വരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ ആണ് കഴിഞ്ഞ കോൺഗ്രസിൽ പറഞ്ഞത്. ഫാസിസം വന്ന് കഴിഞ്ഞാൽ രാജ്യത്തിന്റെ ആകെ ഗതി മാറും. അത്തരം ഒരു സാഹചര്യം ഉണ്ടായി എന്ന് ഞങ്ങൾ കരുതുന്നില്ലെന്ന് എകെ ബാലൻ പറഞ്ഞു. സിപിഐക്ക് വിമർശനം ഉണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെയെന്ന് ബാലൻ പറഞ്ഞു.

വിയോജിപ്പ് ഉണ്ടെങ്കിൽ ആർക്കും ഭേതഗതി കൊടുക്കാം. സിപിഐയും സിപിഐഎമ്മും രണ്ട് പാർട്ടികളായി നിൽക്കുന്നത് പ്രത്യയശാസ്ത്രമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണെന്ന് എ കെ ബാലൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രശ്നം ശശി തരൂർ ആണ്. തരൂരിന്റെ കാര്യത്തിൽ യാതൊരു വ്യാമോഹവുമില്ല. യുഡിഎഫ് പ്രചരണത്തെ തരൂർ പൊട്ടിച്ചു. ലീഗിന് ഒരു ദിവസമെങ്കിലും ഭരണം ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അവരാണ് ഹൈക്കമാൻ‍ഡിനെ കാണാൻ പോകുന്നതെന്ന് എകെ ബാലൻ പറഞ്ഞു.

ഇങ്ങനെ പോയാൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. അതിന്റെ സൂചന ആയിരുന്നു ഗ്ലോബൽ സമ്മിറ്റിന്റെ വിജയം. വസ്തുത വസ്തുതയായി പറയണം. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന പ്രചരണം ശരിയല്ലെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു.