താന്‍ ഒരു പക്ഷത്തിന്റെയും ഭാഗമല്ലെന്നും, താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ജനകീയ വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല. കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തീരദേശ ജനതയുടെ ആശങ്ക കാണുന്നില്ല? കാടും കടലും ഒരു പോലെ ഖനനത്തിന് നല്‍കി നാടിനെ ദുരന്തഭൂമിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ മാധ്യമങ്ങള്‍ക്ക് ചോദ്യമില്ല? കടല്‍ മണല്‍ ഖനനത്തില്‍ കേരള സര്‍ക്കാരിന്റെത് കുറ്റകരമായ മൗനമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നെ എംപിമാര്‍ക്ക് നല്‍ക്കുന്ന സംസ്ഥാനത്തിന്റെ നോട്ടില്‍ കടല്‍ ഖനനത്തെ കുറിച്ച് പരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നതാണോ കേരള സര്‍ക്കാരിന്റെ ജോലി? ഇതൊന്നും വാര്‍ത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെയും മുന്നാമതും ഭരണത്തില്‍ വരുമെന്ന മന്ത്രിമാരുടെ വാദഗതികളെയും കുറിച്ചാണ് പത്തനംതിട്ടയിലെ പ്രസംഗത്തില്‍ താന്‍ പരാമര്‍ശിച്ചത്. ഈ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമോയെന്ന് സിപിഎം കേര്‍ഡര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തിയാല്‍ അവര്‍ തലയില്‍ കൈവെച്ച് പറയും മൂന്നാമത് ഒരു ഭരണം വേണ്ടെന്ന്. തുടര്‍ ഭരണത്തിന്റെ ദുരന്തം അനുഭവിക്കുന്നത് സിപിഎമ്മാണെന്ന് അവര്‍ മനസിലാക്കുന്നു. ആ സാഹചര്യത്തില്‍ പിണറായി രാജഭക്തര്‍ മാത്രമാണ് മൂന്നാം ഭരണം സ്വപ്നം കാണുന്നത് എന്നതാണ് ഉദ്ദേശിച്ചത്. പിണറായി രാജഭക്തന്‍മാര്‍ എന്ന് താന്‍ ഉദ്ദേശിച്ചത് ഈ സര്‍ക്കാരിന്റെ മന്ത്രിമാരെയും സിപിഎം നേതാക്കളെയും കുറിച്ചാണ്. എന്നാല്‍ അതിനെ താന്‍ മറ്റാരയോ കുറിച്ച് പറഞ്ഞതാണെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വളച്ചൊടിച്ചു വാര്‍ത്ത നല്‍കി.
സിപിഎമ്മിനെതിരായ തന്റെ വിമര്‍ശനത്തെ പോലും വേറെയൊരു ആളിന്റെ തലയില്‍ ചാര്‍ത്തുന്നത് എന്ത് മാധ്യമ ധര്‍മ്മമാണ്? പാര്‍ട്ടിയുടെ നന്മയെ കരുതിയുള്ള ഏത് ഭാഗത്ത് നിന്നുമുള്ള വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് ഞങ്ങളുടെ പാരമ്പര്യം. അങ്ങനെയാണ് മുന്നോട്ട് പോകുന്നത്. വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരില്‍ ഒരാളെയും സൈഡ് ലൈന്‍ ചെയ്യുകയോ,ഒഴിവാക്കുകയോ കോണ്‍ഗ്രസ് ചെയ്യില്ല. അത് സിപിഎമ്മിന്റെ ശൈലിയാണ്. ഇതാണ് താന്‍ പത്തനംതിട്ട പ്രസംഗത്തില്‍ പറഞ്ഞത്. എന്നാലിതില്‍ ചിലത് അടര്‍ത്തിയെടുത്ത് അത് മറ്റാര്‍ക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് ക്രൂരതയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വന്യമൃഗ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിസ്സംഗതയാണ്. കൃത്യമായ ഉത്തരവാദിത്ത ബോധത്തോടുള്ള നടപടി ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടാകുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണനയില്ല. എല്ലാ ദിവസവും സങ്കടം പറഞ്ഞിരിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിഞ്ഞ് ആക്ഷനിലേക്ക് പോകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.