ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന്‍ കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കാട്ടാന ആക്രമണം തടയുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത്. ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആനമതില്‍ നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. അടിക്കാട് വെട്ടിതെളിക്കെണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരത് കൂട്ടാക്കിയില്ല. ഇത് കൃത്യമായി ചെയ്തിരുന്നെങ്കിലും ഇപ്പോഴുണ്ടായ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. മനുഷ്യജീവനുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. വന്യജീവി സംഘര്‍ഷം തടയാന്‍ വനംവകുപ്പ് ഉന്നതലയോഗം കൈക്കൊണ്ട നടപടികള്‍ കടലാസില്‍ മാത്രമാണുള്ളത്. മനുഷ്യജീവനുകള്‍ ബലികൊടുക്കുന്ന അനാസ്ഥ വനംവകുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടാകും. വന്യജീവികളുടെ ആക്രമണം തടയാന്‍ കൂടുതല്‍ തുക അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ മലയോരജനതയെ കാട്ടുമൃഗങ്ങള്‍ക്ക് വേട്ടയാടാന്‍ എറിഞ്ഞു കൊടുക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും പ്രഹസന നടപടികളുണ്ടാകുന്നത്. ഈ സ്ഥിതിക്ക് മാറ്റം വേണം. വന്യമൃഗങ്ങള്‍ കാടിറങ്ങിവരാതിരിക്കാനുള്ള ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.