Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്.

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച് കോടതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കോടതി ചുമത്തി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്.

2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രോഗിയായ അമ്മയുമായി അച്ഛന്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കൈപ്പമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്.

പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അയല്‍വാസിയായ പ്രതിക്ക് യാതൊരു ഇളവും നല്‍കരുതെന്നും കടുത്ത ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി എട്ടുകൊല്ലം കഠിന തടവും 50,000 രൂപയും പിഴയും വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു, അഡ്വ. ശിവ പി ആര്‍ എന്നിവര്‍ ഹാജരായി.

content highlight : neighbor-tried-to-rape-minor-girl-sentenced-for-8-year-jail-by-court-in-trissur

Latest News