Environment

കടലാഴത്തിൽ മുങ്ങിയത് 8,620 കപ്പലുകൾ ; തിട്ടപ്പെടുത്താത്ത അത്രയും നിധികൂമ്പാരവും

താത്പര്യപ്പെടാത്തവരെ കൊന്ന് കൊള്ളയടിച്ചു

ചരക്ക് വിറ്റഴിക്കാൻ പുതിയ തീരങ്ങൾ തേടി നൂറ്റാണ്ടുകൾക്ക് മുൻപാണ് യൂറോപ്പിൽ നിന്ന് കപ്പലുകൾ യാത്ര പുറപ്പെട്ടത്. ലോകത്തെ പല പ്രദേശങ്ങളും അധിനിവേശക്കാരുടെ കൈകളിലമർന്നതും ഇഞ്ചിഞ്ചായി തകർന്നടിഞ്ഞതും ഈ യാത്രകൾക്ക് പിന്നാലെയായിരുന്നു. വെടിമരുന്നും മൂർച്ചയേറിയ ആയുധങ്ങളും ബലമാക്കി കപ്പൽ അടുക്കുന്ന തീരങ്ങളിൽ അവർ ബലപ്രയോഗിച്ചും സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞും ഇടമുണ്ടാക്കി. തങ്ങളുടെ രാജ്യത്ത് സുലഭമായിരുന്ന വസ്തുക്കൾ കൈമാറി സമ്പന്നവും എന്നാൽ അത്രയ്ക്ക് അങ്ങോട്ട് പരിഷ്‌കൃതവുമല്ലാത്ത നാട്ടുരാജ്യങ്ങളിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കി. താത്പര്യപ്പെടാത്തവരെ കൊന്ന് കൊള്ളയടിച്ചു.

വൻനിധിയുമായി അങ്ങനെ യാത്ര പുറപ്പെട്ടവരിൽ ചിലർ പാപഭാരത്താലോ നിർഭാഗ്യം കൊണ്ടോ കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയി. കൊന്ന് കൊള്ളയടിച്ച്, വഞ്ചിച്ച് ചിരിച്ചുകാണിച്ച് കൈക്കലാക്കിയ സ്വത്തുക്കൾ അനുഭവിക്കാൻ കഴിയാതെ വെള്ളം കുടിച്ചുമരിച്ചു. ആ അളവറ്റ നിധികൾക്ക് എന്ത് സംഭവിച്ചു? തീരമണിയാതെ പോയ കപ്പലുകളെ ആര് സ്വന്തമാക്കി.ജലാന്തര പുരാവസ്തു ശാസ്ത്രജ്ഞനായ അലക്‌സാണ്ട്ര മൊണ്ടെയ്‌റോ ഇത് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തൽ അറിയുമ്പോൾ കണ്ണ് തള്ളിപ്പോകും. നീണ്ടനാളത്തെ പര്യവേക്ഷണത്തിനൊടുവിൽ അദ്ദേഹം തയ്യാറാക്കിയ പട്ടിക അനുസരിച്ച് പോർച്ചുഗലിൻറെ തീരത്ത് ഏകദേശം 7,500 കപ്പലുകളും അസോർസ് ദ്വീപുകൾക്ക് ചുറ്റുമായി 1,000 കപ്പലുകളും മദെയ്റയ്ക്ക് സമീപത്തായി ഏതാണ്ട് 120 കപ്പലുകളുമായി മൊത്തം 8,620 കപ്പൽ അവശിഷ്ടങ്ങളാണ് ഉള്ളതത്രേ.

ഇതിൽ 250 കപ്പലുകളിൽ അളവറ്റ സമ്പത്താണുള്ളത്. 15 -ാം നൂറ്റാണ്ട് മുതൽ 19 -ാം നൂറ്റാണ്ട് വരെയുള്ള 400 വർഷത്തിനിടെയാണ് ഇത്രയും കപ്പലുകൾ പോർച്ചുഗീസ് തീരത്ത് മാത്രം തകർന്ന് വീണത്. ഇതിൽ 1589-ൽ ട്രോയയ്ക്കു സമീപം മുങ്ങിയ നോസ സെൻഹോറ ഡോ റൊസാരിയോ എന്ന സ്പാനിഷ് കപ്പലിനെ കുറിച്ച് അലക്‌സാണ്ട്രെ മൊണ്ടെയ്‌റോ പ്രത്യേക പരാമർശം നടത്തുന്നു. 22 ടൺ സ്വർണ്ണവും വെള്ളിയുമായി സ്‌പെയിനിലേക്ക് പോവുകയായിരുന്ന കപ്പൽ, പോർച്ചുഗീസ് തീരത്ത് മുങ്ങുകയായിരുന്നുവത്രേ.ഇത്രയധികം സമ്പത്ത് മോഷ്ടാക്കളുടെ കയ്യിലകപ്പെടും മുൻപ് സർക്കാർ ഏറ്റെടുക്കണമെന്നാണ് അദ്ദഹത്തിന്റെ അഭ്യർത്ഥന.

STORY HIGHLIGHTS: 8,620 ships sunk at sea; an uncounted amount of treasure