അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കാൻ പുതിയ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമരമാണ് ഇവർ വികസിപ്പിച്ചത്. മരങ്ങൾ ചെയ്യുന്നതുപോലെ അന്തരീക്ഷത്തിലെ കാർബൺ ഈ യന്ത്രമരം പിടിച്ചെടുക്കും. കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ഈ വർധന ആഗോളതാപനത്തിനു വഴിവയ്ക്കുകയും അതുവഴി സമുദ്ര ജലനിരപ്പുയരാനും മറ്റു പ്രശ്നങ്ങൾക്കും വഴിയൊരുക്കും. ഇതിനാലാണ് കാർബൺ ശേഖരണത്തിനുതകുന്ന നൂതന സംവിധാനങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നത്.
ഇത്തരം യന്ത്രങ്ങൾ മുൻപുണ്ടെങ്കിലും സൗരോർജത്തിൽ പ്രവർത്തിക്കുന്നവ അധികമില്ലായിരുന്നു. അരിസോന സർവകലാശാലയിലെ ഗവേഷകരും കുറച്ചുവർഷങ്ങൾ മുൻപ് ഇത്തരം യന്ത്രമരങ്ങൾ സൃഷ്ടിച്ചിരുന്നു, അഞ്ചടിയോളം വ്യാസമുള്ള ഡിസ്കുകളാണ് ഇവയുടെ പ്രധാനഭാഗം. ഇത്തരം അനേകം ഡിസ്കുകൾ രണ്ട് ഇഞ്ച് വ്യത്യാസത്തിൽ തൂണുപോലെ മുകളിലേക്ക് അടുക്കിവയ്ക്കും. ഇവയ്ക്കിടയിൽ പ്രത്യേകതരം രാസ റെസിൻ ഒഴിക്കും. ഈ റെസിനാണ് കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കുന്നത്. ഇവയ്ക്കരികിലൂടെ പോകുന്ന വായുവിൽ നിന്ന് യന്ത്രമരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കും.
യഥാർഥ മരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തേക്കുവിടുന്നു. എന്നാൽ ഈ യന്ത്രമരങ്ങൾക്ക് ഇതിനുള്ള ശേഷിയില്ല. കാർബൺ പിടിച്ചെടുക്കാനും ശേഖരിച്ചുവയ്ക്കാനുമേ ഇവർക്കു കഴിയുകയുള്ളൂ. ഇത്തരത്തിൽ ശേഖരിക്കുന്ന കാർബൺ പിന്നീട് സിന്തറ്റിക് ഇന്ധനം ഉണ്ടാക്കാൻ ഉപയോഗിക്കാമെന്നും ഇതുവഴി പെട്രോൾ, ഡീസൽ തുടങ്ങിയ സ്വാഭാവിക ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത്തരം മരങ്ങൾ അടങ്ങിയ വൻ മരക്കാടുകൾ സ്ഥാപിക്കാനും അരിസോന സർവകലാശാല പ്ലാൻ ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ആദ്യത്തെ മരക്കാട് യുഎസിലെ അരിസോന സംസ്ഥാനത്താണു സ്ഥാപിക്കുന്നത്.
ഈ വർഷം അവസാനം ഇതു സ്ഥാപിക്കും. 25 ലക്ഷം ഡോളറാണ് ഈ മരക്കാടിനായുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. ഇതു സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു ദിവസം ഒരു ലക്ഷം കിലോ കാർബൺ ഇവ പിടിച്ചെടുക്കുമെന്ന് പഠനത്തിൽ വെളിവായിട്ടുണ്ട്. കാർബൺ ഡയോക്സൈഡ് പ്രകൃതിയിൽ നിറയുമ്പോൾ ചൂടിനെ പുറത്തുവിടാതെ ഇതു പൊതിഞ്ഞു നിർത്തുന്നു. അങ്ങനെയാണ് ആഗോളതാപനം വർധിക്കുന്നത്. കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കാതെയിരിക്കാനും അപകടകരമാകാതെയിരിക്കാനും വിവിധ കാർബൺ ന്യൂട്രൽ പദ്ധതികൾ ലോകമെങ്ങും നടപ്പാക്കുന്നു. കാർബൺ ബജറ്റ് എന്ന ആശയം തന്നെ ഇതിന്റെ ഭാഗമായി ഉയർന്നു വന്നു.
STORY HIGHLIGHTS : solar-powered-artificial-trees-carbon-capture