Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്, പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 5 പേരെ അരുംകൊല നടത്തിയ പ്രതി അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം പറഞ്ഞു.

പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.

പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Latest News