Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ സഞ്ചാര പാത കണ്ടെത്താൻ പരിശോധന

വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതിയുടെ സഞ്ചാര പാത കണ്ടെത്താൻ വിശദമായി സിസിടിവി പരിശോധന നടത്തും. 23കാരനായ അഫാൻ കൂട്ടക്കുരുതി നടത്തിയത് ഒരേ രീതിയിലായിരുന്നു. അഞ്ച് പേരെയും തലക്ക് അടിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. ചുറ്റിക ഉപയോ​ഗിച്ചായിരുന്നു കൊലപാതക പരമ്പര നടത്തിയത്.

13കാരനായ സഹോദരനെ ഉൾപ്പെടെയാണ് അഫാൻ കൊന്നത്. നാല് ബന്ധുക്കാരെയും പെൺസുഹൃത്തിനെയുമാണ് അഫാന്റെ കൂട്ടക്കുരുതിയ്ക്കിരയായത്. അഫാന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മാതാവ് ഷെമി ചികിത്സയിൽ തുടരുകയാണ്.

പ്രതിയുടെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. 3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നൽകിയത്. മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു.

തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. ആഭരണം ചോദിച്ച് തർക്കമായതോടെ സൽമാ ബീവിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

പിന്നീട് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെൺസുഹൃത്ത് ഫർസാനയുടേയും സഹോദരന്റെയും ജീവനെടുത്തു.