വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അഫാൻ എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് വ്യക്തമാകാൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ അഫാൻ കൊലപാതകം നടത്താൻ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് കല്ലറ പാങ്ങോട് കൂടി കടന്നു പോകുന്നതാണ് ദൃശ്യം. മാതാവിനെ ആക്രമിച്ച ശേഷം സൽമാബീവിയുടെ വീട്ടിലേക്ക് പോകുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സൽമാ ബീവിയുടെ വീട്ടിൽ ഫിംഗർപ്രിന്‍റ് വിദഗ്ധർ എത്തിയിട്ടുണ്ട്. അഫാന്‍റെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.