ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്. മകൻ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെയും മൊഴിയെടുത്തത്. എക്സൈസിന്റെ നടപടിയിൽ വീഴ്ച ഉണ്ടായി എന്ന് എംഎൽഎ മൊഴി നല്‍കി.
കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെയാണ്. മകനെ എക്സൈസ് സംഘം ദേഹോപദ്രവമേൽപ്പിച്ചു. അതിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നൽകി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് മൊഴി രേഖപ്പെടുത്തിയത്.
ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
കേസിൽ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു.