കൊച്ചി: വിവാദ പോഡ്കാസ്റ്റ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പത്ത് ദിവസം മുന്‍പ് നല്‍കിയതെന്ന് ശശി തരൂര്‍ എംപിയുടെ വിശദീകരണം. കോണ്‍ഗ്രസ്- സംസ്ഥാന സര്‍ക്കാരുകളെ പ്രശംസിച്ചു വിവാദത്തിലായ തരൂര്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. ഇതിനും പത്ത് ദിവസം മുമ്പാണ് പോഡ്കാസ്റ്റ് നല്‍കിയതെന്ന് തരൂര്‍ വിശദീകരിക്കുന്നു.
പാര്‍ട്ടി തന്നെ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ മറ്റുവഴികളുണ്ടെന്നതടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു വിവാദ പോഡ്കാസ്റ്റ്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നടക്കുന്നതിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായത് അതിശയകരമായ വ്യവസായിക വളര്‍ച്ചയാണെന്ന തരൂരിന്റെ അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. പിന്നാലെയാണ് തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. സോണിയ ഗാന്ധിയുടെ വസതിയില്‍വെച്ച് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും ചര്‍ച്ച നടത്തിയിരുന്നു.
വിഷയം കെട്ടടങ്ങിയെന്ന് തോന്നിക്കുന്നതിനിടെയായിരുന്നു നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയുള്ള തരൂരിന്റെ പോഡ്കാസ്റ്റ് പുറത്തുവരുന്നത്. എന്നാല്‍ ഇത് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടക്കുന്നതിനും പത്ത് ദിവസം മുമ്പ് നല്‍കിയതാണെന്ന് തരൂര്‍ പറയുന്നു.തിരുവനന്തപുരത്തേക്ക് വരുമെന്നും ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അറിയിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.