കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് മരണാനന്തര അവയവത്തിന്റെ ദൗര്‍ലഭ്യതയാണ്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 2435 (KSOTO കണക്ക് പ്രകാരം ) രോഗികളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ അവയവം കാത്ത് പുനഃര്‍ജന്മത്തിനായി കാത്ത് കിടക്കുന്നത്. ദിനംപ്രതി ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിയമപരമായി മരണാനന്തര അവയവദാനം നടന്നാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങളും, ചില തെറ്റിദ്ധാരണകളും, ചില സിനിമകളുമാണ് സമൂഹത്തിനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുന്നത് എന്നത് തികച്ചും വേദനാജനകമാണ്. എന്നാല്‍ ഈ തടസ്സങ്ങളെ എല്ലാം മറികടന്ന് ഒരിക്കല്‍ തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ കരള്‍ മാറ്റിവെക്കപ്പെട്ടവരുടെ ചാരിറ്റി ട്രസ്റ്റായ ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള ‘ആത്മതാളം ‘എന്ന പേരില്‍ 2023ല്‍ ആരംഭിച്ച പദ്ധതി, ഇന്ന് അതിന്റെ അടുത്ത ഘട്ടത്തിലാണ്.
2023-24ലെ ഇന്ത്യയിലെ മികച്ച സപ്പോര്‍ട്ടിങ് NGO ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച LIFOK സമൂഹത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത മുന്‍നിര്‍ത്തി ആരംഭിച്ച ‘ആത്മതാളം’ പദ്ധതി കേരളത്തിലെ പ്രശസ്ത വനിതാ കോളേജായ എറണാകുളം St . തെരേസാസുമായി ചേര്‍ന്ന് അവരുടെ 100 ആം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളേയും , അധ്യാപകരെയും ഉള്‍പ്പെടുത്തി LIFOK നടത്തുന്ന മരണാനന്തര അവയവദാനത്തിനുള്ള സമ്മതിദാനവും പ്രതിജ്ഞ എടുക്കലും ഈ മാസം 28ന് കോളേജില്‍ നടക്കുകയാണ്.
ഇത്തരത്തില്‍ ഒരു വനിതാകോളേജിലെ കുട്ടികള്‍ മരണാനന്തര അവയവദാനത്തിന് നിയമപരമായി സമ്മതിദാനം നല്‍കുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ‘നാം ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്റെ കയ്യൊപ്പ് ചാര്‍ത്തി’ സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ ഒരു സന്ദേശമാണ് മരണാനന്തര അവയവദാനം വഴി നല്‍കുന്നത്. St .Teresa’s college ന്റെ 100 വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പരിപാടി ഇതിന്റെ ആഘോഷങ്ങളില്‍ ഏറ്റവും മികച്ച ഒന്നാകും.
”ആത്മതാളം Be the change; spreading the Gift of Life’ എന്ന ഈ മഹത്തായ ഈ ചടങ്ങില്‍ സ്വമനസ്സാലെ സര്‍ക്കാര്‍ പോര്‍ട്ടലില്‍ സമ്മത പത്രം നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കും, അദ്ധ്യാപകര്‍ക്കും, കോളേജ് അധികൃതര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാന്‍ പ്രശസ്ത നടന്‍ രമേശ് പിഷാരടി ഉള്‍പ്പടെ സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ ഒത്തുചേരുന്നുണ്ട്.
ലിഫോക്കിന്റെ സാമൂഹ്യപ്രതിബദ്ധതക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ബി.കെ. ഹരിനാരായണന്‍ എഴുതി ബിജിബാല്‍ സംഗീതം നല്‍കി പദ്മഭൂഷണ്‍ കെ.എസ് ചിത്ര പ്രശസ്ത ഗായകന്‍ മധുബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആത്മതാളത്തിന്റെ പ്രചരണാര്‍ത്ഥം ‘ഒരുമരം വീഴുമ്പോള്‍’ എന്നൊരു മനോഹര ഗാനം തയ്യാറാക്കിയിട്ടുണ്ട്. ഈ ഗാനത്തിന്റെ ഔദ്യോഗിക റിലീസും 28 ന് നടക്കും. ലിവര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജേഷ് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി വിനു വി നായര്‍, സ്റ്റേറ്റ് ട്രഷറര്‍ ബാബുകുരുവിള, ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
CONTENT HIGH LIGHTS; Liver Foundation of Kerala’s ‘Athmathalam’ project to a new level: “Athmathalam Be the change; spreading the Gift of Life’