ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഈ അധ്യയനവര്‍ഷം മുതല്‍ ബി.എ./ബി.എഡ്. കോഴ്‌സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍.സി.ടി.ഇ.) ഇത് സംബന്ധിയായി സര്‍വ്വകലാശാലയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തില്‍ സിന്‍ഡിക്കേറ്റ് യോഗമാണ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍ പുതുതായി ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
13 വിഷയങ്ങളിലാണ് ബി.എ./ബി.എഡ്. പ്രോഗ്രാമുകള്‍ ആരംഭിക്കുക. ആകെ അമ്പത് സീറ്റുകള്‍, സംസ്‌കൃതം, ജനറല്‍, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ കോഴ്‌സ് ആരംഭിക്കുവാനാണ് സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്കിയിരിക്കുന്നത്.
ശ്രീശങ്കരാചാര്യസംസ്‌കൃതസര്‍വ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ഈ അധ്യയനവര്‍ഷം പുതിയ പി.ജി., നാല് വര്‍ഷബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇന്‍ ഹിന്ദി എന്ന പ്രോഗ്രാം ഈ അധ്യയനവര്‍ഷം ആരംഭിക്കും. 20 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുക.
കൂടാതെ കഴിഞ്ഞവര്‍ഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി., പി.ജി,. പ്രോഗ്രാമുകളിലേക്കും ഈ വര്‍ഷവും പ്രവേശനം ഉണ്ടായിരിക്കും. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ പുതുതായി സംസ്‌കൃതം സാഹിത്യം, ഉറുദു എന്നിവയില്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി. പ്രോഗ്രാമുകളും ഫിലോസഫി ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളും തുടരും. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ സംസ്‌കൃതം സാഹിത്യത്തില്‍ പി.ജി. പ്രോഗ്രാമും സംസ്‌കൃതം വേദാന്തത്തില്‍- നാല് വര്‍ഷ ബിരുദ പ്രോഗ്രാമും ഈ അധ്യയന വര്‍ഷം തുടങ്ങും.
നിലവിലുള്ള പി.ജി. പ്രോഗ്രാമുകള്‍ക്ക് മാറ്റമില്ല. പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്കും പുറമെ സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിസ്റ്ററി, ഫിലോസഫി എന്നിവയില്‍ പുതിയ പി.ജി. പ്രോഗ്രാമുകളും ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
CONTENT HIGH LIGHTS; Sanskrit University Integrated B. A./B. Ed. Courses to start: New courses sanctioned at various regional centers: Prof. K.K. Geethakumari