Movie News

പോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ത്തിലൂടെ രാഷ്ട്രീയക്കാരനാവുന്നു – sajipathi new movie maruvasham

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ ‘മറുവശത്തിൽ പ്രേക്ഷകശ്രദ്ധ നേടുന്ന വേഷത്തിലാണ് സജിപതി എത്തുന്നത്. കല്ല്യാണിസം, ദം, ആഴം ,കള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷംറാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം.

ജയശങ്കർ കാരിമുട്ടം, ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് , ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പോലീസ് വേഷങ്ങളിലൂടെ നമുക്ക് ശ്രദ്ധേയനാണ് സജിപതി. പ്രമുഖ സംവിധായകൻ കെ. മധു ഒരുക്കിയ സിബിഐ അഞ്ചാംഭാഗത്തിൽ സജിപതി വളരെ തിളങ്ങുന്ന കഥാപാത്രമാണ് കൈകാര്യം ചെയ്തത്. എസ് എൻ സ്വാമി സംവിധാനം ചെയ്ത ‘സീക്രട്ട് ‘എന്ന ചിത്രത്തിലും മികച്ചവേഷം കാഴ്ചവച്ചിരുന്നു.

എസ് എൻ സ്വാമിയുടെ ആദ്യ സിനിമയിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി സജിപതി കരുതുന്നു. കെ മധുവാണ് തന്നെ സിനിമയിൽ സജീവമാക്കിയതെന്ന് ഇദ്ദേഹം പറയുന്നു.

അനുറാം സംവിധാനം ചെയ്ത ‘മറുവശം’ എന്ന ചിത്രം മാർച്ച് ഏഴിന് റിലീസ് ചെയ്യും . ആത്മാർത്ഥ സുഹൃത്തായ അനു റാം തനിക്കു പോലീസ് വേഷമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വ്യത്യസ്ത വേഷത്തിനായി താൻ ചോദിച്ചു വാങ്ങിയതാണ് മറുവശത്തിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം. സജിപതി പറയുന്നു. രാഷ്ട്രീയപ്രവർത്തകന്റെ കൂട്ടാളിയായ ‘രവി’ എന്ന കഥാപാത്രമായാണ് ഇദ്ദേഹം ഇതിൽ വേഷമിടുന്നത്. കൊട്ടാരക്കര പുത്തൂർ സ്വദേശിയായ സജിപതി ഇതിനകം പതിനഞ്ചോളം മലയാളചലച്ചിത്രങ്ങളിലും, ഒട്ടേറെ ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്.

വ്യക്തിപരമായി ഏറെയിഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു ഇതുവരെ ചെയ്തതെല്ലാമെന്ന് അദ്ദേഹം പറയുന്നു. സിനിമയെ അത്രയധികം സ്നേഹിക്കുന്നതു കൊണ്ടാണ് ബിസിനസ് തിരക്കുകൾക്കിടയിലും അഭിനയിക്കാൻ സമയം കണ്ടെത്തുന്നത്. ആക്ട് ലാബിലെ പഠനവും, അവരുടെ നാടകങ്ങളിലെ പരിശീലനവും തന്റെ അഭിനയ ജീവിതത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. അടൂർ ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ സുനിതയാണ് ഭാര്യ. മക്കൾ നാരായണൻ ശങ്കർ, ഗൗരി ലക്ഷ്മി. മറുവശം എന്ന സിനിമയിൽ ഗൗരിലക്ഷ്മിയാണ് നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത്. സെന്റ് ജോൺസ് എച്ച്എസ്എസ് കാരുവേലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി ലക്ഷ്മി.

STORY HIGHLIGHT: sajipathi new movie maruvasham