രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനല്‍ കളിക്കുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ജൂനിയര്‍ താരങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷന്‍. കേരള അണ്ടര്‍ 14, എ , ബി അണ്ടര്‍ 16 ടീമുകളിലെയും താരങ്ങള്‍ക്കാണ് നാഗ്പൂരില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ അവസരം ലഭിക്കുക. ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയില്‍ അവര്‍ക്ക് പ്രചോദനം നല്‍കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. അണ്ടര്‍ 16 തലത്തില്‍ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൌട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയത്.
ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങള്‍ അണ്ടര്‍ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനൊപ്പം കൂടുതല്‍ എക്‌സ്‌പോഷര്‍ നല്‍കുന്നതിനുമാണ് ജൂനിയര്‍ താരങ്ങളെ ഫൈനല്‍ കാണാന്‍ അയക്കുന്നത്. 27ആം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് ടീമുകള്‍ യാത്ര തിരിക്കുക. 28ആം തീയതി മുതല്‍ ഫൈനല്‍ തീരും വരെ അവര്‍ സീനിയേഴ്‌സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവര്‍ക്ക് വിമാനയാത്ര, താമസം, ഡിഎ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കുന്നത്. കേരളം രഞ്ജി ട്രോഫിയുടെ ഫൈനല്‍ കളിക്കുന്നത് കെസിഎ 75ആം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷം കൂടിയാണ്. അതിനാല്‍ ഈ അപൂര്‍വ്വ നേട്ടം പല രീതികളില്‍ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിന്റെ ജൂനിയര്‍ താരങ്ങളെ ഫൈനല്‍ കാണാന്‍ അയക്കുന്നതും ഇതിന്റെ ഭാഗമായാണ്. കെസിഎയുടെ തീരുമാനം. കൗമാര താരങ്ങളുടെ ക്രിക്കറ്റ് യാത്രയില്‍ അവര്‍ക്ക് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ പ്രചോദനമാകുമെന്നത് ഗഇഅ സെക്രട്ടറി വിനോദ് എസ് കുമാര്‍ അറിയിച്ചു.