ലഖ്നൗ: 144 വർഷത്തിലൊരിക്കൽ മഹാകുംഭമേളയില്‍ ഭക്തജനപ്രവാഹം. ഇത് വരെ 64 കോടിയിലധികം ഭക്തർ മഹാകുംഭമേളയ്ക്കെത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തർ ദിവസവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തുവെന്നാണ് കണക്കുകള്‍. അതേ സമയം ഗംഗയിൽ ഏഴ് പുണ്യസ്നാനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം ഇതിനകം രണ്ട് കോടി കവിഞ്ഞു. വിദേശികളടക്കം പ്രധാന സ്നാന ദിവസങ്ങളിൽ മാത്രം 17 കോടി ഭക്തർ സംഗമത്തിൽ പുണ്യസ്നാനം നടത്തി.
ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനമാണ് ത്രിവേണി. ഇവിടെയാണ് ദിവസവും 1.25 കോടിയിലധികം ഭക്തർ ശാന്തിക്കും മോക്ഷത്തിനും വേണ്ടി പ്രാർത്ഥന നടത്തുന്നത്. അതേ സമയം ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനായി കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 26ന് മഹാശിവരാത്രിയുടെ അവസാനത്തെ സുപ്രധാന സ്നാനം നടക്കേണ്ടതിനാൽ ഭക്തർക്ക് തടസ്സമില്ലാത്ത ക്രമീകരണങ്ങൾ ഒരുക്കങ്ങൾ വേഗത്തിലാക്കി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം മഹാകുംഭ് നഗർ സന്ദർശിച്ച് ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ്, ഡിജിപി പ്രശാന്ത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി.
ഗതാഗത നിയന്ത്രണം, ജനക്കൂട്ടം നിയന്ത്രിക്കൽ, ആചാരങ്ങൾ സുഗമമാക്കൽ എന്നിവ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്തർക്ക് യാതൊരുവിധ അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മഹാകുംഭത്തിൻ്റെ പവിത്രത തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരം ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി പ്രശാന്ത് കുമാർ ഉറപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇതിനകം 50 ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
content highlight : record-breaking-64-crore-devotees-gather-security-on-high-alert