Kerala

കടൽ മണൽ ഖനനം: ഇന്ന് അർധരാത്രി മുതൽ തീരദേശ ഹർത്താലിന് ആഹ്വാനം

ആലപ്പുഴ: കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം ലത്തീൻ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്‌ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു.

മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകൾ, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകൾ, ബോട്ട് ഓണേഴ്സ് സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്. ഹർത്താലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ്‌ ലാൻഡിങ് സെന്ററുകൾ, മത്സ്യച്ചന്തകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എന്നാൽ നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ല. കടൽ ഖനനത്തിനെതിരെ മാർച്ച് 12ന് പാർലമെന്റ് മാർച്ചും നടത്തും.