Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ലത്തീഫിന് അടിയേറ്റത് ഇരുപതിലേറെ തവണ

വെഞ്ഞാറമൂട്: ചുള്ളാളം കൂനൻവേങ്ങ ആലമുക്ക് ജസ്‌ല മൻസിലിൽ വിമുക്ത ഭടൻ അബ്ദുൽ ലത്തീഫിനെയും (63) ഭാര്യ സജിത ബീഗത്തെയും (57) അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക കൊണ്ടു തലയിലും മുഖത്തും തലങ്ങുംവിലങ്ങും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിതൃസഹോദരനായ ലത്തീഫിന്റെ ശരീരത്തിൽ ഇരുപതിലേറെ തവണയാണ് അഫാൻ അടിച്ചത്. തലയിലും നെഞ്ചിലും കണ്ണിലും കവിളിലും മൂക്കിലും അടിയേറ്റ പാടുകളുണ്ട്.

സ്വീകരണ മുറിയിലെ സോഫയിൽ ഇടതുവശത്തേക്കു ചരിഞ്ഞ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. അതിനു മുന്നിലെ മേശയിൽ ഒരു കപ്പ് ചായയുമുണ്ടായിരുന്നു. വീട്ടിലെത്തിയ അഫാനു കൊടുക്കാൻ എടുത്തതാണിതെന്നാണു സൂചന. ഹാളിനും അടുക്കളയ്ക്കുമിടയിലെ വാതിലിലാണു സജിത അടിയേറ്റു വീണത്. ഇവർ ധരിച്ചിരുന്ന ഷാൾ വായിൽ തിരുകിയ നിലയിലായിരുന്നു. തലയിൽ 4 തവണ അടിയേറ്റെന്നാണു പ്രാഥമിക നിഗമനം. തലയോട്ടി പിളരുന്ന വിധമാണ് അടിച്ചതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ മൽപിടിത്തം നടന്നതിന്റെയും ലക്ഷണങ്ങളുണ്ട്.