Kerala

അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമം

കൊച്ചി: ആലുവ മണപ്പുറത്ത് ഉല്‍സവത്തോടനുബന്ധിച്ച് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് പരാതി. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ചെന്നാണ് പാലക്കാട് ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ജീവനക്കാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.

ശിവരാത്രി ഉല്‍സവത്തിന് ഒരുങ്ങി നില്‍ക്കുന്ന ആലുവ മണപ്പുറത്തെ മുന്‍സിപ്പാലിറ്റിയുടെ സ്ഥലത്ത് കടകള്‍ സ്ഥാപിക്കാനും താല്‍ക്കാലിക അമ്യൂസ്മെന്‍റ് പാര്‍ക്ക് ഒരുക്കാനുമായി പാലക്കാട് ആസ്ഥാനമായ ഡിജെ അമ്യൂസ്മെന്‍റ്സ് എന്ന സ്ഥാപനമാണ് കരാറെടുത്തത്. നികുതിയടക്കം ഒന്നര കോടിയോളം രൂപ ചെലവിട്ടാണ് കരാറെടുത്തത്. എന്നാല്‍ കരാര്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് പിന്നാലെ മേഖലയിലെ ചില പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ട് സമീപിച്ചെന്നാണ് കമ്പനി അധികൃതരുടെ പരാതി. പത്ത് ലക്ഷം രൂപയോ പ്രധാന കടമുറികളുടെ നടത്തിപ്പ് അവകാശമോ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റേ വാങ്ങുമെന്നായിരുന്നു ഭീഷണിയെന്നും ഡിജെ അമ്യൂസ്മെന്‍റ് ഉടമ പറയുന്നു.

ആലുവ സ്വദേശിയായ അരുണ്‍കുമാര്‍ എന്നയാള്‍ ഇതിനിടെ അമ്യൂസ്മെന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവിടാന്‍ കോടതി തയാറാകാതെ വന്നതോടെ ഇയാള്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും സമാനമായ ഭീഷണി ഉയര്‍ത്തി ചിലര്‍ കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പരാതി ഉയര്‍ന്നിരുന്നു. ആലുവ പൊലീസിനു പുറമേ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.