തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ദുരൂഹത നീക്കാൻ കൂടുതൽ നീക്കങ്ങളുമായി പൊലീസ്. കൊലപാതക സമയത്ത് അഫാന്റെ കെെയിൽ ഉണ്ടായിരുന്ന ഫോൺ വിശദമായി പരിശോധിക്കും. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതേസമയം അന്വേഷണച്ചുമതലയുള്ള പ്രത്യേക സംഘത്തെ വിപുലീകരിക്കാനും നീക്കം നടക്കുന്നുണ്ട്.
കൊലപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് തന്നെയാണ് പ്രതി ആക്രമണങ്ങൾ നടത്തിയത്. ഓരോ ആക്രമണങ്ങൾക്ക് ശേഷവും ജീവൻ പോയി എന്ന് ഉറപ്പുവരുത്തി. കൃത്രിമ കൃത്യമായ ആസൂത്രണത്തോടെയാകാം പ്രതി കുറ്റകൃത്യത്തിന് പുറപ്പെട്ടത്. ആദ്യഘട്ട അന്വേഷണം കഴിയുമ്പോൾ പൊലീസിൻെ്റ കണ്ടെത്തലുകൾ ഇതൊക്കെയാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് ഫോൺ പരിശോധന നടത്തുന്നത്.
ആക്രമണങ്ങൾ നടത്തുന്ന സമയത്ത് അഫാന്റെ കെെയിൽ ഉണ്ടായിരുന്നത് മാതാവ് ഷെമിയുടെ ഫോണാണ്. കൊലപാതകത്തിനായി ഒരുങ്ങിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ ഫോണിൽ നിന്ന് ശേഖരിക്കാമെന്ന് പൊലീസ് കരുതുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന പ്രതിയുടെ വാദത്തെ സാധൂകരിക്കുന്ന വിവരങ്ങളും ഫോണിൽ ഉണ്ടാകുമെന്ന് കരുതുന്നു. കൂടുതൽ മൊഴിയെടുക്കാനൂം നീക്കമുണ്ട്. അതേസമയം, അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തെ കൂടുതൽ വിപുലീകരിക്കും. കൂടുതൽ സിഐമാരെ ഉൾപ്പെടുത്താനാണ് ആലോചന. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.